തന്നോടുള്ള പകയും അപകീർത്തിപ്പെടുത്താനുള്ള ശ്രമവുമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്;​ഗർഭനിരോധന ഉറയുടെ പരസ്യം സെൻസർ ചെയ്ത് പുറത്തിറങ്ങിയതാണ്; പാലേരിമാണിക്യം സംസ്ഥാന പുരസ്കാരം ലഭിച്ച ചിത്രം;പരാതിക്ക് പിന്നിൽ ഗൂഢലക്ഷ്യം

Spread the love

കൊച്ചി: അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന കേസില്‍ ഹൈക്കോടതിയില്‍ ശക്തമായ വാദങ്ങളുയർത്തി നടി. താരസംഘടനയായ അമ്മയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ മത്സരിക്കുകയും തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ആദ്യത്തെ വനിത പ്രസിഡന്റ് ആകുമെന്നതിനാലും തന്നോടുള്ള പകയും അപകീർത്തിപ്പെടുത്താനുള്ള ശ്രമവുമാണ് ഇപ്പോഴുണ്ടായിരിക്കുന്ന പരാതിയെന്ന് നടി ശ്വേതമേനോൻ.

സിജെഎം കോടതി നിർദ്ദേശ പ്രകാരം എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നടി ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.ജസ്റ്റിസ് വി ജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ശ്വേതയുടെ ഹര്‍ജി പരിഗണിച്ചത്.

തനിക്കെതിരായ പരാതിയിൽ ആരോപിക്കുന്ന എല്ലാ സിനിമകൾക്കും സെൻസർബോർഡ് സർട്ടിഫിക്കറ്റോടുകൂടി വർഷങ്ങൾക്ക് മുമ്പ് പ്രദർശിപ്പിച്ചതും ഇപ്പോഴും പൊതുജനങ്ങൾക്ക് ലഭ്യമായതുമാണ്. പരാതിക്കാരൻ ഉന്നയിക്കുന്ന ചിത്രങ്ങളിലൊന്നായ പാലേരിമാണിക്യത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ പരാതിക്കാരൻ ഉന്നയിച്ച ചിത്രങ്ങളെല്ലാം നിർമിച്ചിരിക്കുന്നത് അതാത് മേഖലകളിൽ പ്രാവീണ്യം തെളിയിച്ച കലാകാരന്മാരാണ്. കൂടാതെ ​ഗർഭനിരോധന ഉറയുടെ പരസ്യവും സമാനമായ രീതിയിൽ സെൻസർ ചെയ്ത് പുറത്തിറങ്ങിയതാണ്. അത് ഇപ്പോഴും പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന തരത്തിൽ ഇപ്പോഴും ലഭ്യമാണ്. ഒരു നടിയെന്ന നിലയിൽ പരാതിൽ ഉന്നയിക്കുന്ന ചിത്രങ്ങളിലും പരസ്യങ്ങളിലും അഭിനയിച്ചു എന്നത് തന്റെ ഭരണഘടനാപരമായ അവകാശമാണെന്നും അവർ വ്യക്തമാക്കുന്നു.

താൻ പോൺസൈറ്റ് നടത്തുന്നുവെന്ന പരാതിക്കാരന് രഹസ്യമായി അറിയാമെന്ന ആരോപണം തന്നെ അപകീർത്തിപ്പെടുത്തുന്നതാണ്. കൂടാതെ യാതൊരുവിധ അടിസ്ഥാനമില്ലാത്തതും തെളിവുകളും ഇല്ലാതെയാണ് പരാതിക്കാരന്റെ ആരോപണം.

അമ്മ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നതുകൊണ്ടാണ് തനിക്കെതിരേ ഇത്തരമൊരു പരാതി ഉയർന്നിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതിയായ ജൂലൈ 31നാണ് തനിക്കെതിരായ പരാതിയും നൽകിയിരിക്കുന്നത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് താനൊരു ശക്തയായ മത്സരാർഥിയായതുകൊണ്ടാണ് വ്യാജ പരാതി ഉന്നയിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള വ്യാജ പരാതികൾ ഉന്നയിച്ച് കോടതിയെ ദുരുപയോ​ഗം ചെയ്യുന്നതിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ശ്വേതമേനോൻ തന്റെ ഹർജിയിലൂടെ ഉന്നയിക്കുന്നു.

അതേസമയം അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന നടി ശ്വേതാമേനോനെതിരായ കേസില്‍ നടിക്കെതിരായ എഫ് ഐ ആർ ഹൈക്കോടതി സ്റ്റേ ചെയ്തു. സിജെഎം കോടതിയുടെ നടപടിയെ വിമർശിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനുള്ള നിർദേശം നൽകുന്നതിന് മുമ്പ് എടുക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നത്. നടിയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി എറണാകുളം സെന്‍ട്രല്‍ പൊലീസിനും പരാതി നല്‍കിയ മാര്‍ട്ടിന്‍ മെനാച്ചേരിക്കും നോട്ടീസ് അയച്ചു.