കോട്ടയം കുമരകത്ത് 80 വർഷം പഴക്കമുള്ള സ്കൂൾ കെട്ടിടം ആടിയുലയുന്നു: പൊളിച്ചു മാറ്റി അപകടം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയില്ല: നാട്ടുകാരുടെയും രക്ഷാകർത്താക്കളുടെയും പ്രതിഷേധം ശക്തം.

Spread the love

കുമരകം: കുമരകം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 80 വർഷത്തിലേറെ പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടം നിലം പൊത്താറായിട്ട് പൊളിച്ചു നീക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.

അപകടം മുന്നില്‍ കണ്ട് സ്കൂള്‍ അധികൃതർ ജില്ലാ പഞ്ചായത്തിനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടും നടപടിയായില്ല. ബലക്ഷയമായ കെട്ടിടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് മുഖ്യമന്ത്രി ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഈ കെട്ടിടത്തിന്‍റെ ദുരവസ്ഥ അധികൃതർ റിപ്പോർട്ടു ചെയ്തതായി സ്ഥിരീകരണമില്ല.

ഈ കെട്ടിടത്തിന്‍റെ തിണ്ണ ഭാഗത്തെ ഓടുകള്‍ നീക്കം ചെയ്തിട്ടുണ്ട്. പൊളിഞ്ഞുവീഴാറായ മേല്‍ക്കൂരയിലെ ബാക്കി ഭാഗത്തെ ഓടുകള്‍ മാറ്റിയിട്ടില്ല. കാലപ്പഴക്കത്തില്‍ ഓടുകളുടെ ഭാരം താങ്ങാനാകാത്ത അവസ്ഥയിലാണ് മേല്‍ക്കൂര.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിടത്തിന്‍റെ ഭിത്തികള്‍ക്കും ബലക്ഷയമുണ്ട്. ഈ കെട്ടിടത്തില്‍ ക്ലാസുകള്‍ എടുക്കുന്നില്ലെങ്കിലും സമീപത്തുള്ള കെട്ടിടങ്ങളില്‍ നൂറു കണക്കിന് വിദ്യാർഥികള്‍ പഠിക്കുന്നുണ്ട്.

ഇടവേളകളില്‍ കുട്ടികള്‍ പഴയ കെട്ടിടത്തില്‍ വിശ്രമിക്കാൻ എത്തിയേക്കാം. സ്കൂള്‍ വളപ്പിലെ അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റാൻ ഇനിയും വൈകുന്നതെന്താണെന്നാണ് നാട്ടുകാരുടെ ചോദ്യം.