വേട്ടയാടൽ വിദഗ്ധനായിരുന്ന അമേരിക്കൻ കോടീശ്വരൻ കൊല്ലപ്പെട്ടു; മരണം വേട്ടക്കിടെ ആഫ്രിക്കൻ പോത്തിന്റെ ആക്രമണത്തിൽ

Spread the love

അമേരിക്കൻ കോടീശ്വരനായ വേട്ടയാടൽ വിദഗ്ധൻ വേട്ടയ്ക്കിടയില്‍ ആഫ്രിക്കൻ പോത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.ടെക്സസില്‍ നിന്നുള്ള 52 -കാരനായ ആഷർ വാട്ട്കിൻസാണ് കൊല്ലപ്പെട്ടത്. വേട്ടയാടിയ പോത്ത് തന്നെയാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ദക്ഷിണാഫ്രിക്കൻ സഫാരിക്കടെയില്‍ ലിംപോപോ പ്രവിശ്യയില്‍ 1.3 ടണ്‍ ഭാരമുള്ള ആഫ്രിക്കൻ പോത്തിനെ വേട്ടയാടുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കോൻറാഡ് വെർമാക് സഫാരിസ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ദി മെട്രോ റിപ്പോർട്ട് ചെയ്യുന്നു. ഇവർ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത് ഇങ്ങനെയാണ്: ‘അഗാധമായ ദുഃഖത്തോടെ അമേരിക്കയില്‍ നിന്നുള്ള ഞങ്ങളുടെ ക്ലയന്‍റും സുഹൃത്തുമായ ആഷർ വാട്ട്കിൻസിന്‍റെ ദാരുണമായ മരണം ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. ഞായറാഴ്ച ദക്ഷിണാഫ്രിക്കയിലെ ലിംപോപോ പ്രവിശ്യയില്‍ ഞങ്ങളോടൊപ്പം ഒരു വേട്ടയാടല്‍ സഫാരിയില്‍ ആയിരിക്കുമ്ബോള്‍, ഒരു ആഫ്രിക്കൻ പോത്തിനെ വേട്ടയാടുന്നതിനിടെ ആഷറിന് മാരകമായി പരിക്കേറ്റു. ഇതൊരു വിനാശകരമായ സംഭവമാണ്, അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ടവരുടെ ദുഃഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു. കുടുംബാംഗങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്യും.’മെട്രോയുടെ റിപ്പോർട്ട് അനുസരിച്ച്‌ ബ്ലാക്ക് ഡെത്ത് എന്നറിയപ്പെടുന്ന ഒരു ആഫ്രിക്കൻ പോത്ത് അപ്രതീക്ഷിതമായി ആഷറിന് നേരെ പാഞ്ഞെത്തി അദ്ദേഹത്തെ ഇടിച്ചിടുകയായിരുന്നു. പ്രകോപിതനായ മൃഗത്തിന്‍റെ ആക്രമണത്തില്‍ അദ്ദേഹം തല്‍ക്ഷണം തന്നെ മരിച്ചു. ആഷർ വേട്ടയ്ക്കായി പിന്തുടർന്ന ആഫ്രിക്കൻ പോത്ത് തന്നെയാണ് അദ്ദേഹത്തെ ആക്രമിച്ചതെന്ന് കോൻറാഡ് വെർമാക് സഫാരിസ് റിപ്പോർട്ട് ചെയ്യുന്നു.

പ്രവചനാതീതമായ സ്വഭാവമുള്ള മൃഗമാണ് ആഫ്രിക്കൻ പോത്ത്. അതുകൊണ്ട് തന്നെ ഇവയുടെ ആക്രമണം ഏത് നിമിഷത്തിലായിരിക്കുമെന്ന് ആർക്കും മുൻകൂട്ടി കണക്കാക്കാനാവില്ല. അത്തരത്തില്‍ ഒരു ആക്രമണമാണ് ആഷർ വാട്ട്കിൻസിന്‍റെ ജീവൻ നഷ്ടപ്പെടാൻ കാരണമായത്. അമേരിക്കൻ ട്രോഫി ഹണ്ടർ ആയിരുന്നു ആഷർ വാട്ട്കിൻസ്. ഇദ്ദേഹം വേട്ടയാടി മൃഗങ്ങള്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group