
കിഷൻഗഞ്ച് : മദ്രസയ്ക്ക് പിന്നിലായി 12കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബിഹാറില്‍ പ്രായപൂർത്തിയാകാത്ത രണ്ട് കൌമാരക്കാർ പിടിയില്‍.ബിഹാറിലെ കിഷൻഗഞ്ചില്‍ ശനിയാഴ്ചയാണ് 12കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്രസ പൂട്ടണമെന്ന ഉദ്ദേശത്തിലായിരുന്നു കൌമാരക്കാരുടെ ക്രൂരതയെന്നാണ് പൊലീസിനെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
കിഷൻഗഞ്ച് സ്വദേശിയാണ് കൊല്ലപ്പെട്ട 12കാരൻ. കഴിഞ്ഞ മൂന്ന് വർഷമായി മദ്രസയില്‍ പഠിക്കുകയായിരുന്നു ഈ 12കാരൻ. വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ മാത്രമാണ് 12കാരൻ എത്താറുള്ളത്. വെള്ളിയാഴ്ച രാത്രിയില്‍ രാത്രി ഭക്ഷണം കഴിഞ്ഞ് 8 മണിയോടെ ഇതേ മദ്രസയില്‍ പഠിച്ചുകൊണ്ടിരുന്ന ബന്ധുവിനൊപ്പം 12കാരൻ മദ്രസയിലേക്ക് മടങ്ങി. രാവിലെ ബന്ധു മാത്രമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. 12കാരനെക്കുറിച്ച് വീട്ടുകാർ തിരക്കിയപ്പോള്‍ രാവിലെ മുതല്‍ കണ്ടില്ലെന്നായിരുന്നു ബന്ധുവായ 13കാരന്റെ പ്രതികരണം.
ഇതോടെ 12കാരന്റെ പിതാവ് മദ്രസയിലെത്തി. എന്നാല്‍ 12കാരനെക്കുറിച്ച് മദ്രസ ജീവനക്കാർക്കും അറിവില്ലാതെ വന്നതോടെ മുറികളും ശുചിമുറികളും അടക്കം പരിശോധിക്കാൻ ആരംഭിച്ചു. പതിനൊന്ന് മണിയോടെയാണ് കുട്ടിയുടെ മൃതദേഹം മദ്രസയോട് ചേർന്നുള്ള ശ്മശാനത്തില്‍ നിന്ന് കണ്ടെത്തുന്നത്. കഴുത്ത് അറുത്ത നിലയിലും ശരീരത്തില്‍ കുത്തേറ്റ പരിക്കുകളോടെയും ആയിരുന്നു മൃതദേഹം ലഭിച്ചത്. തോർത്ത് കഴുത്തില്‍ കെട്ടിയ നിലയിലുമായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഉച്ചയോടെ പൊലീസ് സംഭവ സ്ഥലത്ത് എത്തുകയും മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വിടുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിശോധന പുരോഗമിക്കുന്നതിനിടെ കൌമാരക്കാരായ രണ്ട് പേർ പൊലീസിനോട് കുറ്റ സമ്മതം നടത്തുകയായിരുന്നു. വിദ്യാർത്ഥി കൊല്ലപ്പെട്ടാല്‍ മദ്രസ അടച്ചിടുമെന്നും വീട്ടിലേക്ക് മടങ്ങാമെന്നും വിചാരിച്ചാണ് കൊലപാതകം ചെയ്തെന്നാണ് കൌമാരക്കാർ മൊഴി നല്‍കിയിട്ടുള്ളത്. പഠനത്തില്‍ താല്‍പര്യമില്ലാത്തതിനാല്‍ ദിവസങ്ങളായി സ്കൂള്‍ പൂട്ടാനുള്ള നിരവധി പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ശുചിമുറിയില്‍ പോകാനായി ഇറങ്ങിയ 12കാരനെ കൌമാരക്കാർ ആക്രമിച്ച് ശുചിമുറിക്ക് സമീപത്ത് കഴുത്ത് അറുക്കുകയും പിന്നീട് ശ്മശാനത്തില്‍ ഉപേക്ഷിക്കുകയും ആയിരുന്നു. കൌമാരക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ പൊലീസ് ആക്രമിക്കാൻ ഉപയോഗിച്ച ആയുധവും കൌമാരക്കാരൻറെ വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.ജുവനൈല്‍ ജസ്റ്റിസ് ബോഡിന് മുന്നില്‍ ഹാജരാക്കിയ കൌമാരക്കാർക്കെതിരായ കുറ്റപത്രം ഉടൻ നല്‍കുമെന്നാണ് പൊലീസ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.