പത്തനംതിട്ടയില്‍ അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം: ഉദ്യോഗസ്ഥ അലംഭാവത്തിന് ഉപദേശമല്ല നടപടിയാണ് വേണ്ടതെന്നും ഭരണകൂട പരാജയമെന്നും ജി. സുധാകരന്‍.

Spread the love

ആലപ്പുഴ: പത്തനംതിട്ടയില്‍ അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് ജി. സുധാകരന്‍.

ഉദ്യോഗസ്ഥരുടെ അലംഭാവത്തില്‍ പരാതിപ്പെട്ടിട്ടും പരിഹാരമില്ലാത്തത് ഭരണകൂടത്തിന്റെ പരാജയമാണെന്നും ഫയലുകള്‍ കെട്ടിക്കിടക്കുന്നതില്‍ ഉപദേശമല്ല നടപടിയാണ് വേണ്ടതെന്നും സുധാകരന്‍ വിമര്‍ശിച്ചു. മലയാള മനോരമ ദിനപ്പത്രത്തിലെ ലേഖനത്തിലാണ് വിമര്‍ശനം.

’12 വര്‍ഷത്തെ ശമ്പളകുടിശിക കിട്ടാനായി ഒരു അധ്യാപിക അനുഭവിച്ച ദുരിതത്തിനിടയില്‍ അവരുടെ ഭര്‍ത്താവ് മരിച്ചു. അവരുടെ ദുഃഖം പലരോടും പലതവണ പറഞ്ഞിട്ടും ഫലമുണ്ടായില്ല. മാധ്യമങ്ങള്‍ ഏറെ പറഞ്ഞിട്ടും ആ മരണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥര്‍ ന്യായമായ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്ന് മേലധികാരികളോട് പറഞ്ഞിട്ടും പ്രയോജനമില്ലെങ്കില്‍ അവിടെ ഭരണകൂടം പരാജയപ്പെടുന്നു. ഫയലുകള്‍ താമസിപ്പിച്ച് തെറ്റായ തീരുമാനം എടുക്കുന്നവര്‍ക്ക് ഭരണകൂടം അനുകൂലമാകുമ്പോള്‍ ആ ഉദ്യോഗസ്ഥരുടെ അഴിമതിയിലും അലംഭാവത്തിലും ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ടെന്ന് വരുന്നു’, ജി സുധാകരന്‍ പറഞ്ഞു.

എയ്ഡഡ് സ്‌കൂളിലെ അധ്യാപികയായ ഭാര്യയ്ക്ക് 14 വര്‍ഷമായി ശമ്പളം ലഭിക്കാത്ത മനോവിഷമത്തിലായിരുന്നു പത്തനംതിട്ട നാറാണംമുഴിയില്‍ ഭര്‍ത്താവ് ജീവനൊടുക്കിയത്. 14 വര്‍ഷത്തെ ശമ്പളം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഡിഇഒ ഓഫീസില്‍ നിന്ന് തുടര്‍നടപടിയുണ്ടായില്ലെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജന്‍ ആരോപിച്ചിരുന്നു.

പത്തനംതിട്ട സംഭവം ഒരു ചൂണ്ടുവിരല്‍ ആണെന്നും ഭാവിയിലേക്കുള്ള താക്കീതാണെന്നും ജി സുധാകരന്‍ വിമര്‍ശിച്ചു. ഉദ്യോഗസ്ഥരെ നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടറിയറ്റില്‍ ഫയലുകള്‍ കെട്ടിക്കിടുക്കുന്നത് തടയാന്‍ ഉപദേശങ്ങള്‍ക്കൊണ്ട് കാര്യമില്ലെന്നും നടപടിയാണ് വേണ്ടതെന്നും ജി സുധാകരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പണം ചോര്‍ത്തുന്ന മൂന്ന് വിഭാഗങ്ങളുണ്ടെന്ന് മുന്‍പ് എന്‍ എന്‍ വോറ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ രാഷ്ട്രീയക്കാര്‍ക്കു കാര്യമായ അഴിമതി നടത്താന്‍ കഴിയില്ലെന്നും ജി. സുധാകരന്‍ അഭിപ്രായപ്പെട്ടു.