
മുണ്ടക്കയം :30 രൂപയുടെ ഓട്ടത്തിന് 500 രൂപവീതം രണ്ടുതവണ പിഴ. ഹോംഗാർഡിന്റെ ഫോട്ടോയെടുപ്പിൽ വലഞ്ഞ് ഓട്ടോ ഡ്രൈവർമാർ.
ചൊവാഴ്ച രാവിലെ മുണ്ടക്കയം ടൗണിൽ എത്തിയ ഓട്ടോ ഡ്രൈവർക്കാണ് ഗതാഗതനിയമ ലംഘനത്തിന്റെ പേരിൽ രണ്ട് തവണയായി 750 രൂപയുടെ ചെല്ലാൻ വന്നത്. ഓട്ടക്കൂലിയുടെ ബാക്കി കൊടുക്കാൻ ഓട്ടോ നിർത്തി സമീപത്തെ കടയിൽ ചില്ലറ വാങ്ങാൻ കയറിയപ്പോഴാണ് ഹോം ഗാർഡ് വന്ന് ഓട്ടോയുടെ ഫോട്ടോ എടുത്തത്.
കടയുടെ മുമ്പിൽ നിർത്തിയതിന്റെ കാരണം ഹോം ഗാർഡിനോട് പറഞ്ഞെങ്കിലും അരമണിക്കൂറിനുള്ളിൽ ഫോണിൽ 500 രൂപ പിഴ അടക്കണമെന്ന സന്ദേശം എത്തി. 30 രൂപയുടെ ഓട്ടത്തിന് 500 രൂപ പോയതിന്റെ വിഷമത്തിലായ ഓട്ടോ ഡ്രൈവർക്ക് മൂന്നരേയാടെ വീണ്ടും സന്ദേശം എത്തി. റോഡരികിൽ നിർത്തിയിട്ടതിന് 500 രൂപ അടയ്ക്കണം എന്നായിരുന്നു സന്ദേശം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിവാഹൻ സൈറ്റിൽ ചെല്ലാൻ വിവരം നോക്കിയപ്പോൾ രണ്ടെണ്ണത്തിലും ഒരേഫോട്ടോയാണ് കണ്ടത്. സമയത്തിൽ മാത്രമാണ് വ്യത്യാസം. ചെല്ലാനുമായി പോലീസിനെ സമീപിച്ചപ്പോൾ ഒരെണ്ണം തെറ്റുപറ്റിയത് ആകാമെന്നായിരുന്നു വിശദീകരണം. പണം കൈയില്ലാത്തതിനാൽ ഓട്ടോ ഡ്രൈവർ പണമടയ്ക്കാതെ തിരികെ മടങ്ങി. ഹോം ഗാർഡ് ഫോട്ടോയെടുത്ത് പെറ്റി കേസ് എടുപ്പിക്കുന്നത് മുൻപും പ്രതിഷേധത്തിനിടയാക്കിയിരുന്നു.
വാഹനങ്ങൾ നിർത്തി ആവശ്യക്കാർക്ക് കടകളിൽ കയറാൻപോലും പറ്റാത്ത സ്ഥിതിയാണുള്ളത്. ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഈ നടപടി എന്നാണ് പോലീസ് വാദം. അനധികൃത പാർക്കിങ്ങിനെതിരേ കേസെടുക്കുന്നതിൽ പരാതിയില്ല.
എന്നാൽ, പെട്ടെന്ന് സാധനം വാങ്ങാൻ കടകൾക്ക് മുന്നിൽ വണ്ടി നിർത്തുന്നവരേ പെറ്റി കേസിൽ പെടുത്തുന്നത് കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നതായി വ്യാപാരി വ്യവസായി മുണ്ടക്കയം യൂണിറ്റ് പ്രസിഡന്റ് ടി.എസ്. റഷീദ് പറഞ്ഞു. മുണ്ടക്കയത്ത് ഹോം ഗാർഡുകൾക്കുമേൽ അധികാരികൾക്ക് നിയന്ത്രണം വേണമെന്ന് സിഐറ്റിയു യൂണിറ്റ് സെക്രട്ടറി ഹാരിസ് പറഞ്ഞു.