സ്വന്തം ലേഖകൻ
കോട്ടയം: നാട്ടുകാരെ പറ്റിച്ച് നാടുവിട്ട തട്ടിപ്പു കേസിലെ പ്രതിയെ കോടതി വരാന്തയിൽ സ്ത്രീകൾ ചേർന്ന് തടഞ്ഞു വച്ചു. 21 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ സ്ത്രീയെയാണ് പരാതിക്കാരായ സ്ത്രീകൾ ചേർന്ന് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ തടഞ്ഞു വച്ചത്. തിരുനക്കരയിൽ പ്രവർത്തിച്ചിരുന്ന സിക് ടെക് ചിട്ടി കമ്പനിയുടെ ഉടമ കുടമാളൂർ സ്വദേശി വൃന്ദ രാജേഷിനെയാണ് പണം നഷ്ടമായ യുവതികൾ ചേർന്ന് ടഞ്ഞത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു നാടകീയ സംഭവങ്ങൾ. തട്ടിപ്പുകേസിലെ പ്രതിയായ വൃന്ദ ജാമ്യം എടുക്കുന്നതിനായാണ് കോടതിയിൽ എത്തിയത്. കോടതിയ്ക്കുള്ളിലേയ്ക്കു കയറുന്നതിനിടെ ഒരു വിഭാഗം സ്ത്രീകൾ അടങ്ങുന്ന സംഘം വൃന്ദയെ തടയുകയായിരുന്നു. വൃന്ദ ജാമ്യമെടുക്കാൻ എത്തുമെന്ന് അറിഞ്ഞിരുന്ന പരാതിക്കാർ നേരത്തെ തന്നെ ഇവിടെ തമ്പടിച്ചിരുന്നു. തുടർന്നാണ് ഇവരെ തടഞ്ഞു വ്ച്ചത്. സംസ്ഥാന പൊലീസ് മേധാവിയ്ക്കും മുഖ്യമന്ത്രിയ്ക്കും അടക്കം പരാതി നൽകിയിട്ടും പണം തിരികെ ലഭിക്കാൻ ഇതുവരെ നടപടികളുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ഇവർ വൃന്ദയെ തടഞ്ഞത്. അരമണിക്കൂറോളം പരാതിക്കാർ കോടതി വളപ്പിൽ വൃന്ദയെ തടഞ്ഞു വച്ചു. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥയായി. പരാതി നൽകാനും സമരം നടത്താനും എല്ലാം മുന്നിൽ നിന്നിരുന്ന എ.ഐ.വൈ.എഫ് കോട്ടയം മണ്ഡലം സെക്രട്ടറി റെനീഷ് കാരിമറ്റം പൊലീസും വൃന്ദയുമായി ചർച്ച നടത്തി.
സിപിഐ ഓഫിസിൽ എത്താമെന്നും എല്ലാ പ്രശ്‌നങ്ങളും പറഞ്ഞു തീർക്കാമെന്നുമായിരുന്നു മറുപടി. തുടർന്ന് ഇവർക്ക് കോടതിയിൽ നിന്നും ജാമ്യം ലഭിക്കുകയും ചെയ്തു. എന്നാൽ, വൃന്ദയ്ക്ക് പകരം പാർട്ടി ഓഫിസിൽ എത്തിയത് ഇവരുടെ അഭിഭാഷകയായിരുന്നു. ഇതോടെ ചർച്ചയ്ക്ക് ഫലമുണ്ടായില്ല. സിപിഐ പ്രവർത്തകരെയും പരാതിക്കാരെയും ഒരു പോലെ തന്നെ കബളിപ്പിച്ചു.