33 സ്ഥലങ്ങളിലായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കോടിക്കണക്കിന് രൂപ വില മതിക്കുന്ന സ്ഥലങ്ങളും 270 പവൻ സ്വർണാഭരണങ്ങളും; മുൻ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ കോടികളുടെ സ്വത്തുക്കളില്‍ വ്യാജ വില്‍പത്രമെന്ന് മൂത്തമകള്‍

Spread the love

കൊട്ടാരക്കര:മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ സ്വത്ത് സംബന്ധമായ വില്‍പത്ര കേസില്‍ മധ്യസ്ഥ ശ്രമം തുടങ്ങി. കോടതി നിർദേശ പ്രകാരമാണ് അഭിഭാഷക ടി.ജി.ഗിരിജകുമാരി മീഡിയേറ്ററായുള്ള മധ്യസ്ഥ ശ്രമം നടക്കുന്നത്.

സ്വത്ത് തർക്കവുമായി ആർ.ബാലകൃഷ്ണപിള്ളയുടെ മക്കളായ ഉഷ മോഹൻദാസ്, ബിന്ദു ബാലകൃഷ്ണൻ, മന്ത്രി കെ.ബി.ഗണേഷ്കുമാർ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഇതോടെയാണ് കൊട്ടാരക്കര സബ് കോടതി ജഡ്ജി എ.ഷാനവാസ് മധ്യസ്ഥശ്രമം നിർദേശിച്ചത്.

ആർ.ബാലകൃഷ്ണപിള്ളയുടെ പേരില്‍ പുറത്തുവിട്ട വില്‍പത്രം കൃത്രിമമാണെന്ന് ആരോപിച്ച്‌ മൂത്തമകള്‍ ഉഷ മോഹൻദാസാണ് കോടതിയില്‍ ഹർജി നല്‍കിയത്. 33 ഇടങ്ങളിലായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കോടിക്കണക്കിന് രൂപ വില മതിക്കുന്ന സ്ഥലങ്ങളും 270 പവൻ സ്വർണാഭരണങ്ങളും ആർ.ബാലകൃഷ്ണപിള്ളയുടെ പേരില്‍ ഉണ്ടെന്നാണ് കോടതിയില്‍ ഉഷ നല്‍കിയ സത്യവാങ്മൂലം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

33 വസ്തു വകകളുടെ പൂർണ വിവരങ്ങള്‍ ഉഷ മോഹൻദാസ് കൊട്ടാരക്കര സബ് കോടതിയില്‍ ഹാജരാക്കിയ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വാളകം, കൊട്ടാരക്കര, അറയ്ക്കല്‍, ചക്കുവരക്കല്‍, ഇടമുളക്കല്‍ വില്ലേജുകളിലെ 29 ഇടങ്ങളിലായി 50 ഏക്കറോളം സ്ഥലം ഉണ്ട്.

മിക്ക സ്ഥലങ്ങളും ഉയർന്ന വില ലഭിക്കുന്ന പ്രദേശങ്ങളാണ്. കൂടാതെ കൊടൈക്കനാലില്‍ ഇരുനില കെട്ടിടം, വാളകത്ത് രാമവിലാസം ഹയർ സെക്കൻഡറി സ്കൂളും പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, മാർത്താണ്ഡൻകര തിങ്കള്‍കരിക്കത്ത് സ്കൂള്‍, അറക്കല്‍ വില്ലേജില്‍ രാമവിലാസം ബിഎഡ് കോളജ് എന്നിവയും പട്ടികയില്‍ ഉണ്ട്. 270 പവൻ സ്വർണാഭരണങ്ങളും ആർ.ബാലകൃഷ്ണപിള്ളയുടെ പേരില്‍ ഉണ്ടെന്നാണ് ഉഷ കോടതിയില്‍ നല്‍‌കിയ സത്യവാങ്മൂലത്തില്‍ ഉള്ളത്.

വില്‍പത്ര പ്രകാരം കൊട്ടാരക്കര, പുനലൂർ താലൂക്കുകളിലെ വസ്തുക്കള്‍ പോക്കുവരവ് ചെയ്യാൻ ബിന്ദുവും ഗണേഷ്‍കുമാറും നടപടികള്‍ ആരംഭിച്ചതോടെയാണ് ഉഷ കോടതിയെ സമീപിച്ചത്. ഇതോടെ കോടതി കേസ് പരിഗണിക്കുയും ‌ചർച്ചകളിലൂടെ പരിഹാരം കാണാൻ നിർദ്ദേശിക്കുകയുമായിരുന്നു. ആർ.ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള വസ്തു വകകളുടെ മൂന്നിലൊന്നു ഭാഗം വേണമെന്നായിരുന്നു മൂത്തമകള്‍ ഉഷ മോഹൻദാസിന്റെ ആവശ്യം. മുമ്പും മധ്യസ്ഥ ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും ഫലം കാണാതെ വന്നതോടെയാണ് കോടതിയിലേക്ക് കേസെത്തിയത്.