
ബംഗളൂരു: ധർമ്മസ്ഥലയിൽ ഇന്നലെ ലഭിച്ച അസ്ഥിഭാഗം രണ്ട് വർഷം വരെ പഴക്കമുള്ളതെന്ന് ഫോറൻസിക് വിദഗ്ധരുടെ നിഗമനം. നിലത്ത് ചിതറിക്കിടക്കുന്ന രീതിയിലായിരുന്നു അസ്ഥിഭാഗങ്ങൾ ഒന്നര മുതൽ രണ്ട് വർഷം വരെ പഴക്കമുള്ള മൃതദേഹം സംബന്ധിച്ച കേസ് എസ്ഐടി അന്വേഷിച്ചേക്കില്ലെന്നാണ് സൂചന. അതേസമയം, സ്ഥലത്തെ പതിനൊന്നാമത്തെ പോയിന്‍റ് മുതൽ ഇന്നും പരിശോധന നടത്തുന്നുണ്ട്.
കുറച്ചു ദിവസങ്ങളായി സാക്ഷി പറഞ്ഞിരുന്ന 13 സ്പോട്ടുകളിലായിരുന്നു പരിശോധന നടന്നുവന്നിരുന്നത്. എന്നാൽ, സാക്ഷി കഴിഞ്ഞ രണ്ട് ദിവസമായി തനിക്ക് പുതിയ ചില സ്പോട്ടുകൾ അറിയാം. അവിടങ്ങളിൽ പരിശോധന നടത്തണം എന്നാണ് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇന്ന് പതിനൊന്നാമത്തെ സ്പോട്ടിൽ പരിശോധനയ്ക്കായി എത്തിയ സമയത്താണ് സാക്ഷിയുടെ ആവശ്യം പരിഗണിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. ഡിജിപിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സാക്ഷി പറയുന്ന പുതിയ സ്പോട്ടിലേക്ക് പരിശോധന വ്യാപിപ്പിക്കാമെന്ന തീരുമാനമെടുത്തത്. ഇന്നലെ രാവിലെ വളരെ അപ്രതീക്ഷിതമായാണ് പതിനൊന്നാമത്തെ സ്പോട്ടിന് പകരം ഉൾക്കാട്ടിലേക്ക് സാക്ഷിയെ കൊണ്ടുപോയി പരിശോധന നടത്തിയത്. ഏതാണ്ട് മൂന്നടി താഴ്ചയിൽ പരിശോധന നടത്തിയപ്പോൾ തന്നെ അസ്ഥി ഭാഗങ്ങൾ ലഭിക്കുകയായിരുന്നു.