play-sharp-fill
ചാക്കിൽകെട്ടി കായലിൽ തള്ളിയ മൃതദേഹം ആരുടേത് ? ഒന്നരക്കൊല്ലമായിട്ടും ഉത്തരമില്ലാതെ പൊലീസ്

ചാക്കിൽകെട്ടി കായലിൽ തള്ളിയ മൃതദേഹം ആരുടേത് ? ഒന്നരക്കൊല്ലമായിട്ടും ഉത്തരമില്ലാതെ പൊലീസ്

സ്വന്തം ലേഖകൻ

തൃപ്പൂണിത്തുറ: ഒന്നരവർഷം കഴിഞ്ഞിട്ടും പൊലീസിനെ വട്ടം കറക്കുകയാണ് ചാക്കിൽ കെട്ടി കായലിൽ തള്ളിയ ആ മൃതദേഹം ആരുടെ ? കൊന്ന് തള്ളിയതാരെ ? കൊലപാതകി ആര് ? പക്ഷേ ഇതുവരെ ഒരു തുമ്പും ലഭിച്ചില്ല. 2017 നവംബർ 8 നാണ് കൊച്ചി നെട്ടൂർ കുമ്പളം കായലിൽ 25നും 30നും ഇടയിൽ പ്രായമുള്ള ആരോഗ്യവാനായ യുവാവിന്റെ മൃതദേഹം വായിൽ കിച്ചൺ ടവൽ തിരുകി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ആളെ തിരിച്ചറിയാനാകാത്ത വിധം മുഖത്ത് പ്ലാസ്റ്റർ ഒട്ടിച്ചിരുന്നു. 2016 മുതൽ കാണാതായവരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം.പിന്നീട് കേരളത്തിലും തെന്നിന്ത്യൻ സംസ്ഥാനങ്ങളിലേക്കും (ആന്ധ്ര ,തമിഴ്‌നാട് ,കർണാടക) കൊച്ചി കേന്ദ്രമായി പാക്കേജ് അടിസ്ഥാനത്തിൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ യുവതികളെ സമ്പന്നർക്ക് എത്തിച്ചു നൽകുന്ന പെൺവാണിഭ റാക്കറ്റുകളിലേക്കും കള്ളക്കടത്ത് സംഘങ്ങളിലേക്കും വരെ അന്വേഷണം നീങ്ങിയെങ്കിലും കൊലപാതകത്തെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. കൊല ചെയ്യപ്പെട്ടത് ആര് എന്നതിനെക്കുറിച്ചുള്ള ഒരു സൂചനപോലും അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനായില്ല.കൊല്ലപ്പെട്ട യുവാവ് ധരിച്ചിരുന്നത് മഞ്ഞ പൂക്കളോടുകൂടിയ കടും നീല ‘ജേക്കബ് ആരോ’ എന്ന ബ്രാൻഡ് ഷർട്ടാണ്. ഈ ഷർട്ടിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പൊലീസിനെ എങ്ങും എത്തിച്ചില്ല. സംഭവം നടന്ന് ആഴ്ചകൾക്ക് മുമ്പും അതിനുശേഷവും നിശ്ചലമായ മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ച് ഇതിനോടകം പതിനായിരക്കണക്കിന് മൊബൈൽ നമ്പറുകളും പരിശോധിച്ചു. അന്വേഷണം ഇപ്പോഴും തുടരുന്നുണ്ടെന്നാണ് പൊലീസ് ഭാഷ്യം.എന്നാൽ, കൊല്ലപ്പെട്ടത് ആരെന്നും ഇതിലൂടെ കൊലയാളികളെയും പിടികൂടാനാകുമെന്ന പ്രതീക്ഷ അന്വേഷണ സംഘം പങ്കുവയ്ക്കുന്നു. വലിയ താമസമില്ലാതെ പ്രതികൾ കുടുങ്ങുമെന്നും അന്വേഷണ സംഘം പറയുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. അതേസമയം, സാദ്ധ്യതകൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിൽ തുടങ്ങിയിടത്ത് നിന്നും ഒരിഞ്ച് പോലും മുന്നോട്ടു പോകാൻ ആകാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ് എന്നാണ് ആക്ഷേപം.കൊലപ്പെടുത്തുന്നതിന് ഏതാനും ദിവസം മുമ്പ് തലയ്ക്ക് പിന്നിൽ മുറിവേറ്റതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ഏതെങ്കിലും യുവാവ് ചികിത്സ തേടിയിരുന്നോ എന്ന് കണ്ടെത്താൻ ആശുപത്രികൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. യുവാവിന്റെ ഷർട്ട്, മൃതദേഹം അടക്കം ചെയ്ത ചാക്ക്, ചാക്കുകെട്ടി താഴ്ത്തിയ കോൺക്രീറ്റ് കട്ട എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും ഒരു തുമ്പും ലഭിച്ചില്ല. പൊലീസ് നെട്ടൂരിലും പരിസര പ്രദേശങ്ങളിലേയും സി.സി.ടി.വി കാമറകളും അരിച്ചുപെറുക്കി. എന്നാൽ ഇതൊന്നും അന്വേഷണസംഘത്തെ കൊലപാതകികളിലേക്കോ കൊലചെയ്യപ്പെട്ട ആളിലേക്കോ എത്തിച്ചില്ല.വ്യക്തമായി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് ഇതോടെ ഉറപ്പായി. കൊല്ലപ്പെട്ട യുവാവിന്റെ മൂന്ന് വിധത്തിലുള്ള ഛായാ ചിത്രങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി തയ്യാറാക്കി. യുവാവിന്റെ തലയോട്ടി അടിസ്ഥാനമാക്കി തയ്യാറാക്കിയ ഛായാചിത്രം അന്വേഷണത്തിൽ വഴിത്തിരിവുണ്ടാക്കുമെന്നാണ് പൊലീസ് അന്ന് പറഞ്ഞത്. നാല് പേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് സംശയിച്ചിരുന്നു. എന്നാൽ, സംശയമല്ലാതെ തെളിവുകളിലേക്ക് കടക്കാൻ ഇതുവരെ അന്വേഷണ സംഘത്തിനായിട്ടില്ല.