
തിരുവനന്തപുരം: അധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ പി.എ ആയ അനിൽകുമാർ എൻ. ജി., സൂപ്രണ്ട് ആയ ഫിറോസ് എസ്, സെക്ഷൻ ക്ലർക്ക് ആയ ബിനി ആർ എന്നിവരെ 1960 ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പിലും) ചട്ടങ്ങൾ പ്രകാരം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.
പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയിലുള്ള നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്കൂളിലെ അധ്യാപികയുടെ യു.പി.എസ്.ടി തസ്തികയിലെ നിയമനം ഉപാധികളോടെ അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അധ്യാപികയുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും മൂന്നു മാസത്തിനുള്ളിൽ വിതരണം ചെയ്യുന്നതിന് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശവും നൽകി. എന്നാൽ ഇത് പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
കോടതി വിധി പരിശോധിച്ചു ചട്ടപ്രകാരം നടപടി സ്വീകരിക്കുന്നതിന് സർക്കാർ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ 2024 ലെ കോടതി വിധിപ്രകാരം മൂന്നു മാസത്തിനുള്ളിൽ ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യണമെന്ന ഉത്തരവ് നിലനിൽക്കെ,
സർക്കാർ നിർദ്ദേശം നൽകിയതിനു ശേഷവും ഉദ്യോഗസ്ഥർ തുടർനടപടികൾ ഒന്നും സ്വീകരിക്കാതെ വിഷയവുമായി ബന്ധപ്പെട്ട ഫയൽ തീർപ്പാക്കുകയും, സ്പാർക്ക് ഓതന്റിക്കേഷന് സ്കൂൾ പ്രധാനാധ്യാപിക നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാതെ വെച്ച് താമസിപ്പിച്ചിക്കുകയുമായിരുന്നു.