കടുത്തുരുത്തിയിലും പരിസരങ്ങളിലും അനധികൃത മണ്ണെടുപ്പ് വ്യാപകം: ഒത്താശ പോലീസ് , റവന്യൂ വിഭാഗമെന്ന് പരാതി.

Spread the love

കടുത്തുരുത്തി: ഇടവേളയ്ക്കുശേഷം അനധികൃത മണ്ണെടുപ്പ് വ്യാപകമാകുന്നു. കടുത്തുരുത്തി, ഞീഴൂര്‍, മുളക്കുളം, വെള്ളൂര്‍ പഞ്ചായത്തുകളിലാണ് അനധികൃത മണ്ണെടുപ്പ് ശക്തമായിരിക്കുന്നത്.

കഴിഞ്ഞ 28 വരെ ഖനനപ്രവൃത്തികള്‍ ഒന്നും നടത്താന്‍ പാടില്ലെന്ന കളക്ടറുടെ ഉത്തരവ് ലംഘിച്ചും ഇവിടെ മണ്ണെടുപ്പ് നിര്‍ബാധം തുടരുകയായിരുന്നു. മഴ മാറി ഒരു ദിവസം വെയില്‍ തെളിഞ്ഞതോടെ മണ്ണ് മാഫിയ ഈ പ്രദേശങ്ങളില്‍ പിടിമുറുക്കിയിരിക്കുകയാണ്.

മുളക്കുളം പഞ്ചായത്തിലെ ഞാറുകുന്ന് അങ്കണവാടിക്ക് സമീപവും, കുന്നപ്പള്ളി പെരുമാലില്‍ ക്രഷറിന് സമീപവും നിരോധന ഉത്തരവ് നിലനില്‍ക്കേ യാതൊരുവിധ അനുമതിയുമില്ലാതെ മണ്ണെടുപ്പ് തുടരുകയാണ്. വലുതും ചെറുതുമായ ടിപ്പര്‍ ലോറികള്‍ ഓടി ഇവിടത്തെ പ്രാദേശികവഴികള്‍ തകര്‍ന്നുതുടങ്ങി. വെളുപ്പിന് തുടങ്ങുന്ന മണ്ണെടുപ്പ് രാത്രിവരെ നീളും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളൂര്‍, ഇറുമ്പയം, ജാതിക്കാമല, ഞീഴൂര്‍, പാറശേരി, കാട്ടാമ്പാക്ക് തുടങ്ങിയ പ്രദേശങ്ങളിലും അനധികൃത മണ്ണെടുപ്പ് വ്യാപകമാണ്. ഇതിനെല്ലാം റവന്യു, പോലീസ് അധികൃതര്‍ കൂട്ടുനില്‍ക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.

പരാതി പറഞ്ഞാല്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തുമ്പോഴേക്കും സ്ഥലത്തുനിന്ന് ജെസിബിയും ടിപ്പറുകളും മാറ്റി ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ രക്ഷപ്പെടും. അനധികൃത മണ്ണെടുപ്പിന് കൂട്ടുനില്‍ക്കുന്ന പോലീസ്, റവന്യു ഉദ്യോഗസ്ഥര്‍ മണ്ണ് മാഫിയകളെ പരിശോധനയ്ക്ക് വരുന്ന വിവരം നേരത്തേ അറിയിക്കുകയാണന്നും നാട്ടുകാര്‍ ആരോപിക്കുന്നു