വടകരയിൽ നിന്ന് പേരാമ്പ്രയ്ക്ക് പോയ ബസ്; സീറ്റിനടയിലെ കന്നാസിൽ നിന്നും രൂക്ഷ ഗന്ധം; യാത്രക്കാരായ മൂന്ന് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

Spread the love

കോഴിക്കോട്: ബസിൽ സീറ്റിനടിയിൽ സൂക്ഷിച്ച കന്നാസിൽ നിന്നുയർന്ന രൂക്ഷ ഗന്ധം ശ്വസിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. വടകര-പേരാമ്പ്ര റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്ര ചെയ്ത പേരാമ്പ്ര സ്വദേശികളായ വിദ്യാർത്ഥികൾക്കാണ് ദുരനുഭവം. പേരാമ്പ്ര മുയിപ്പോത്ത് സ്വദേശികളായ ജുവല്‍(14), നൈതിക്(14), നിവേദ്(13) എന്നിവരെ തലകറക്കവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്.

ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. വീട്ടിൽ നിന്നും പേരാമ്പ്ര ഹൈസ്‌കൂളിന് സമീപത്തെ ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്നു കുട്ടികൾ. ബസിൽ ഇവർ ഇരുന്ന പിൻവശത്തെ സീറ്റിനടിയിൽ കന്നാസിലാക്കി സൂക്ഷിച്ച ദ്രാവകമുണ്ടായിരുന്നു. ഇതിൽ നിന്ന് രൂക്ഷ ഗന്ധം ഉയരുകയും മൂന്ന് കുട്ടികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. ഇതോടെ അവശരായാണ് മൂവരും രാവിലെ ട്യൂഷൻ സെൻ്ററിലെത്തിയത്.

മൂവരെയും കണ്ട് ട്യൂഷൻ സെൻ്ററിലെ അധ്യാപകരാണ് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചത്. പിന്നീട് അധ്യാപകർ തന്നെ മൂന്ന് കുട്ടികളെയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളാണ് ബസിനടിയിലെ കന്നാസിനെ കുറിച്ച് അധ്യാപകരോടും ആശുപത്രിയിൽ പരിശോധിച്ചവരോടും പറഞ്ഞത്. എന്തായിരുന്നു ബസിനകത്തെ കന്നാസിലുണ്ടായിരുന്ന ദ്രാവകമെന്ന് വ്യക്തമായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group