
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയുടെ ആരവങ്ങള്‍ക്ക് നാടൊരുങ്ങി. ഇനി പരിശീലനത്തുഴച്ചിലിന്റെ നാളുകളാണ്. ചുണ്ടൻ വള്ളങ്ങള്‍ പരിശീലനം സജീവമാക്കിയതോടെ ആരാധകരും ഉണർന്നു.
നെഹ്രു ട്രോഫിയില്‍ മുത്തമിടാനുള്ള ആവേശവുമായി പ്രമുഖ ക്ലബ്ബുകളാണ് ഇത്തവണ പുന്നമടയിലെത്തുന്നത്.
കോട്ടയംകാരുടെ കുമരകം ബോട്ട് ക്ലബ്ബ്, കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ്, ചങ്ങനാശ്ശേരി ബോട്ട് ക്ലബ് എന്നിവർക്ക് പുറമെ കുമരകത്തുനിന്ന് ഇമാനുവല്‍ എന്ന പുതിയ ക്ലബ്ബും മത്സരരംഗത്തുണ്ട്. പായിപ്പാട് പുത്തൻ ചുണ്ടനില്‍ ചമ്പക്കുളം മൂലം വള്ളംകളിയില്‍ എ ഗ്രേഡ് വെപ്പ് വള്ളങ്ങളുടെ മത്സരത്തില്‍ ഒന്നാമതെത്തിയ വിജയാവേശവുമായാണ് കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ് പുന്നമടയിലെത്തുന്നത്. 2010ലാണ് ക്ലബ്ബ് അവസാനമായി നെഹ്രു ട്രോഫി നേടിയത്. കുമരകം ബോട്ട് ക്ലബ്ബ് 13 വർഷങ്ങള്‍ക്കുശേഷം വീണ്ടും വെള്ളംകുളങ്ങരയിലാണ് പുന്നമടയിലിറങ്ങുക.
ചങ്ങനാശേരി ബോട്ട് ക്ലബ്ബ് രണ്ടാം തവണയാണ് നെഹ്രു ട്രോഫിയില്‍ പോരാട്ടത്തിനിറങ്ങുന്നത്. ഇത്തവണ ചമ്പക്കുളം ചുണ്ടനിലാണ് മത്സരം. രണ്ടാം ഹാട്രിക് ലക്ഷ്യം വച്ചിറങ്ങുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്, കൈനകരി യുണൈറ്റഡ് ബോട്ട് ക്ലബ്ബ്, കാരിച്ചാല്‍ ബോട്ട് ക്ലബ്ബ്, നിരണം ബോട്ട് ക്ലബ്ബ് എന്നിങ്ങനെ നീളുകയാണ് മത്സരിക്കാൻ ഇറങ്ങുന്ന വമ്പന്മാരുടെ നിര. കൈനകരി, പള്ളാത്തുരുത്തി, കുമരകം, പുളിങ്കുന്ന് തുടങ്ങി പല സ്ഥലങ്ങളിലായാണ് പരിശീലന ക്യാമ്പുകള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുബിസി തുഴയുന്ന തലവടി ചുണ്ടൻ ഇന്ന് നീറ്റിലിറക്കുകയാണ്. നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്‍ ഏഴിന് നീരണിയും. പള്ളാത്തുരുത്തി തുഴയുന്ന മേല്പാടം ചുണ്ടൻ നേരത്തെ നീരണിഞ്ഞിരുന്നു.ഒരുമാസം നീണ്ട പരിശീലനമാണ് ബോട്ട് ക്ലബ്ബുകള്‍ നടത്തുന്നത്. പരിശീലനത്തിന് എത്തുമ്പോള്‍ ചുണ്ടനില്‍ 120 പേർ വരെ ഉണ്ടാകും. ഇവരില്‍ തുഴച്ചില്‍ക്കാർ നൂറില്‍ താഴെ മാത്രം. തുഴകള്‍ ഒരേസമയം വെള്ളത്തില്‍ വീഴണം.
ഇങ്ങനെ കുത്തിയെറിയുമ്പോഴാണു ചുണ്ടൻ കുതിക്കുന്നത്. തുഴ വീഴുന്നതില്‍ അല്പം വ്യത്യാസം ഉണ്ടായാല്‍ അതു വേഗത്തെ ബാധിക്കും. നൂറോളം പേരുടെ കൈകളില്‍ നിന്ന് തുഴകള്‍ അണുവിട വ്യത്യാസമില്ലാതെ വെള്ളം കുത്തിയെറിയണമെങ്കില്‍ താളം കൃത്യമായിരിക്കണം. അങ്ങനെ താളം കൊടുക്കുന്നവരാണ് ചുണ്ടനിലെ താളക്കാർ. ഒരു ചുണ്ടനിലെ അഞ്ച് അമരക്കാർ, നൂറില്‍ താഴെ തുഴക്കാർ, ഇടിയൻ ഉള്‍പ്പെടെ ഉള്ള ഏഴ് താളക്കാർ ഇവർക്കെല്ലാം ഉള്ള പരിശീലനമാണ് പുരോഗമിക്കുന്നത്. പല ക്ലബ്ബുകളും മറ്റു വള്ളങ്ങളിലാണ് പരിശീലിക്കുന്നത്. അടുത്ത ആഴ്ചകളില്‍ സ്വന്തം വള്ളങ്ങളില്‍ തുഴയും. ഇത്തവണ ജലമേള നടത്തിപ്പിന് രണ്ട് കോടി രൂപയുടെ സ്പോണ്‍സർഷിപ്പ് കണ്ടെത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.