
കോട്ടയം: അയ്മനം പഞ്ചായത്ത് അഞ്ചാം വാർഡിൽ
വട്ടക്കാട് – ഇരവീശ്വരം പടശേഖരം റോഡിൽ മോട്ടോർ തറയ്ക്ക് സമീപം തോടിനു കുറുകെ ഇരവീശ്വരം പാടശേഖരത്തേയ്ക്കുള്ള പുതിയ പാലം പണി പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് നാടമുറിച്ച് പാലം ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.
ചടങ്ങിൽ വാർഡ് മെമ്പർ ബിജു മാന്താറ്റിൽ അധ്യക്ഷത വഹിച്ചു. തടിയും പലകക്കഷണങ്ങളും ഉപയോഗിച്ച് താൽക്കാലികമായി നിർമ്മിച്ചിരുന്ന നിലവിലെ നടപ്പാലം അപകടവസ്ഥയിലായിരുന്നു.
കാറുകളുൾപ്പെടെ ചെറിയ വാഹനങ്ങൾക്ക് കടന്നു പോകാവുന്ന വീതിയിൽ ഇരുകരകളിലെയും കൽക്കെട്ടുകൾ കോൺക്രീറ്റ് ഭിത്തി കൊണ്ട് ബലപ്പെടുത്തി ഫാബ്രിക്കേറ്റ് ചെയ്ത ഇരുമ്പ് പാലമാണ് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് പണി പൂർത്തിയാക്കിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തോടിന്റെ മറുകരയിൽ വെള്ളപ്പൊക്ക ഭീഷണിയിൽ ഒറ്റപ്പെട്ട രീതിയിൽ താമസിച്ചു വന്നിരുന്ന കുടുംബങ്ങൾ ഇവിടെ പാലമില്ലാതിരുന്നത് കൊണ്ട് വലിയ ദുരിതമാണ് അനുഭവിച്ചിരുന്നതെന്ന് വാർഡ് മെമ്പർ ബിജു മാന്താറ്റിൽ പറഞ്ഞു. നീണ്ടകാലത്തെ കാത്തിരിപ്പിനു ശേഷം പാലം യാഥാർത്ഥ്യമാവുന്നത് ഇവിടെയുള്ള കുടുംബങ്ങൾക്ക് ആശ്വാസമായി.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.കെ. ഷാജിമോൻ, ഒൻപതാം വാർഡ് മെമ്പർ പി.വി. സുശീലൻ, അസിസ്റ്റന്റ് എഞ്ചിനീയർ പ്രിയ മേരി ഫിലിപ്പ്, അരുൺ എന്നിവർ പ്രസംഗിച്ചു.