
തിരുവനന്തപുരം:സേവന വേതന വ്യവസ്ഥകളിലെ എയർടെലിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് ബിപിടിഎംഎസ്-ബിഎംഎസ് യൂണിയന്റെ നേതൃത്വത്തിൽ കേരളത്തിലെ ആയിരത്തോളം തൊഴിലാളികൾ ആഗസ്റ്റ് 11,12 തീയതികളിൽ 48 മണിക്കൂർ പണിമുടക്കും.
രാജ്യത്തെ തൊഴിൽ നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ എയർടെൽ മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്നും തൊഴിലാളി യൂണിയനിൽ പ്രവർത്തിക്കുന്നു എന്ന കാരണത്താൽ തൊഴിലാളികളെ കള്ളക്കേസുകളിൽ പെടുത്തുവാനും അകാരണമായി ജോലിയിൽ നിന്ന് പുറത്താക്കുവാനുമുള്ളശ്രമങ്ങളാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും തൊഴിലാളികൾ ആരോപിക്കുന്നു.
ഡെപ്യുട്ടി ലേബർ കമ്മീഷണർ ഓഫീസിലുൾപ്പെടെ ഒട്ടേറെ തവണ ചർച്ചകൾ നടത്തിയെങ്കിലും തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിക്കാൻ മാനേജ്‌മെന്റ് തയാറാകുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് കമ്പനികൾ കേന്ദ്ര സർക്കാർ നോട്ടിഫിക്കേഷൻ പ്രകാരം വിഡിഎ നൽകുമ്പോൾ എയർടെൽ നിയമപ്രകാരമുള്ള ഒരു ആനുകൂല്യങ്ങളും നൽകുന്നില്ല, ഇൻസെന്റീവ് മാതൃകയിൽ മാത്രമേ ശമ്പളം നൽകു എന്ന നിലപാടിലാണ് മാനേജ്‌മെന്റ്. ഇതിന് പുറമേ തൊഴിൽനിയമങ്ങൾക്ക് വിരുദ്ധമായി 24 മണിക്കൂർ തുടർച്ചയായി ജോലിചെയ്യാൻ തൊഴിലാളികളെ നിർബന്ധിതരാക്കുന്നുമുണ്ട്.
10 വർഷത്തിലേറെയായി തൊഴിൽനോക്കുന്നവരെ മാറ്റി നിർത്തി പുറത്തുനിന്ന് താൽക്കാലിക തൊഴിലാളികളെകണ്ടെത്തി തൊഴിൽചെയ്യിപ്പിക്കുന്നു. ഇതിനെതിരെയാണ് പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി ഓഗസ്റ്റ് 11-ന് എയർടെലിന്റെ കേരളത്തിലെ ഹെഡ് ഓഫീസായ കുണ്ടന്നൂർ ഓഫീസിലേക്ക് തൊഴിലാളി ബഹുജന മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. ഓഗസ്റ്റ് നാലിന് ജില്ലാ ആസ്ഥാനങ്ങളിൽ ധർണ്ണയും വിശദീകരണയോഗവും സംഘടിപ്പിക്കാനും ബിഎംഎസ് യൂണിയൻ തീരുമാനിച്ചു.