പമ്പാനദിയിൽ കാൽ വഴുതി വീണ് വിദ്യാർഥിനിയെ കാണാതായി
സ്വന്തംലേഖകൻ
പത്തനംതിട്ട: പമ്പാനദിയിൽ ഒഴുക്കിൽപെട്ടു വിദ്യാർഥിനിയെ കാണാതായി. ചങ്ങനാശേരി തൃക്കൊടിത്താനം കടവുങ്കൽ സജീവ് – ശ്രീജ ദമ്പതികളുടെ മകൾ സൂര്യ(18)യെയാണ് കാണാതായത്. ഇന്നലെ രാവിലെ 11ഓടെ റാന്നി ഇടക്കുളം പള്ളിക്കമുരുപ്പ് തേവർതോട്ടത്തിൽ കടവിലാണു സംഭവം. കുളിക്കാനിറങ്ങിയപ്പോൾ കാൽ വഴുതി വെള്ളത്തിൽ പോയി ഒഴുക്കിൽ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരൻ സുധിയെയും മാതൃസഹോദരി രജിതയെയും നാട്ടുകാർ രക്ഷപ്പെടുത്തി.സൂര്യയെ കണ്ടെത്താൻ ഞായറാഴ്ച വൈകുന്നേരം വരെ റാന്നിയിൽനിന്നുള്ള ഫയർഫോഴ്സ് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നും തെരച്ചിൽ തുടരും. മാതൃസഹോദരി പുതുശേരിമല പള്ളിക്കമുരുപ്പ് രജിത പി. ഗംഗാധരന്റെ വീട്ടിൽ എത്തിയതായിരുന്നു സൂര്യ. പ്ലസ്ടുവിനു ശേഷം ഇന്നു ഡിഗ്രി ഒന്നാം വർഷം ചേരാനിരിക്കുകയായിരുന്നു.