വാഗമൺ ഇനി അടിമുടി മാറും: മുണ്ടക്കയം-വാഗമൺ റോഡ് വികസനത്തിന് 17 കോടി രൂപ; 35 കി.മീ അകലെ നിര്‍ദ്ദിഷ്ട എയര്‍പോര്‍ട്ടും!

Spread the love

കോട്ടയം: മുണ്ടക്കയം-വാഗമണ്‍ റോഡ് വികസനത്തിനായി 17 കോടി രൂപ അനുവദിച്ച് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ടെന്‍ഡര്‍ ക്ഷണിച്ചതായി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എം.എല്‍.എ.

video
play-sharp-fill

ഇളംകാട് വല്യേന്തയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ ദൂരത്തില്‍ ബി.എം.ബി.സി. നിലവാരത്തിൽ പുതുതായി നിർമ്മിക്കപ്പെടുന്ന ഈ റോഡ് പൂര്‍ത്തിയാകുമ്പോള്‍, മുണ്ടക്കയം ഭാഗത്തുനിന്ന് വാഗമൺ ഭാഗത്തേക്കുള്ള യാത്രയെ എളുപ്പവും സുഖപ്രദവുമായ പാതയായി മാറും. അതോടൊപ്പം, ദേശീയപാതയിലൂടെയും നേരിട്ട് വാഗമണിലെത്താനും കഴിയും.

ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ട് യാഥാർത്ഥ്യമാകുമ്പോൾ, ആഭ്യന്തര-വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ വിമാനമാർഗ്ഗം എത്തിച്ചേരുന്ന ടൂറിസ്റ്റുകള്‍ക്ക് എയർപോർട്ടില്‍ നിന്ന് 35 കിലോമീറ്റർ മാത്രം യാത്ര ചെയ്ത് വാഗമണ്ണില്‍ എത്തിച്ചേരുന്നതിനും ഈ റോഡ് വരുന്നതോടെ സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വല്യേന്ത മുതൽ വാഗമൺ വരെയുള്ള വാകച്ചുവട്, കോലാഹലമേട്, തങ്ങള്‍പ്പാറ തുടങ്ങിയ മനോഹരമായ പ്രകൃതി മേഖലകളിൽ ഗതാഗത സൗകര്യം പരിമിതമായിരുന്നതിനാൽ വിനോദസഞ്ചാരികൾ എത്തിയിരുന്നില്ല. എന്നാൽ ഉന്നത നിലവാരത്തിലുള്ള റോഡ് ഗതാഗതം സാധ്യമാകുന്നതോടെ ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനത്തിന് വലിയ രീതിയിലുള്ള വളർച്ച ഉണ്ടാകും. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ വാഗമണിന്റെ വിപുലമായ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രദേശത്തിന്റെ സമഗ്ര പുരോഗതി സാധ്യമാക്കാനാകുമെന്നും എം.എൽ.എ പറഞ്ഞു.

ഏഴ് കിലോമീറ്റർ ദൂരം ഉൾക്കൊള്ളുന്ന ഈ റോഡ് ശരാശരി 10 മീറ്റർ വീതിയിലായാണ് നിർമ്മിക്കുക. ഇതിൽ ഡബിൾ ലൈനായി ഏഴ് മീറ്റർ വീതിയിലുള്ള ഭാഗത്ത് ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ ടാറിംഗ് നടത്തും. സംരക്ഷണ ഭിത്തികൾ, ഓടകൾ, കലുങ്കുകൾ, സൈഡ് കോൺക്രീറ്റിംഗ്, റോഡ് സുരക്ഷാസംവിധാനങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി ഉയർന്ന നിലവാരത്തിലുള്ള റോഡ് നിർമാണം ആസൂത്രണം ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് 11 വരെ ടെൻഡറുകൾ സ്വീകരിക്കുന്നതായും, 14ന് അവ തുറക്കുന്നതായും എം.എൽ.എ അറിയിച്ചു. നിർമാണപ്രവർത്തനം വേഗത്തിൽ ആരംഭിച്ച് നിശ്ചിത സമയത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.