
ഡല്‍ഹി: യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് നിലമ്പൂർ-കോട്ടയം എക്സ്പ്രസില്‍ (ട്രെയിൻ നമ്പർ 16325/16326) കോച്ചുകള്‍ വർധിപ്പിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷണവ് ലോക്‌സഭയില്‍ അറിയിച്ചു.
നിലവിലെ 12-ല്‍നിന്ന് 14 കോച്ചുകളായാണു വർധിപ്പിച്ചത്. 2025 മെയ് 21 മുതല്‍, ട്രെയിനില്‍ ഒരു ജനറല്‍ ക്ലാസ് കോച്ചും ഒരു ചെയർ കാർ കോച്ചും കൂട്ടിച്ചേർത്തിട്ടുണ്ട്.
ലോക്‌സഭയില്‍ ഇ.ടി. മുഹമ്മദ് ബഷീർ എംപിയുടെ ചോദ്യത്തിനു മറുപടിയായാണു മന്ത്രിയുടെ വിശദീകരണം. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ നടത്തിയ ശുപാർശകളുടെയും ദക്ഷിണ റെയില്‍വേ നടത്തിയ പരിശോധയുടെയും അടിസ്ഥാനത്തിലാണ് അധിക കോച്ചുകള്‍ ചേർക്കാൻ തീരുമാനിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
”ട്രെയിൻയാത്രയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ പതിവായി വർധിപ്പിക്കുകയാണ്. യാത്രക്കാരുടെ ആവശ്യം, പ്രവർത്തനസാധ്യത, വിഭവങ്ങളുടെ ലഭ്യത എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത്”- അശ്വിനി വൈഷണവ് ലോക്‌സഭയില്‍ വ്യക്തമാക്കി.
ഈ തീരുമാനം യാത്രക്കാരുടെ തിരക്കു കുറയ്ക്കാൻ സഹായിക്കുകയും ജനറല്‍ കോച്ചുകളിലെ സീറ്റിങ് സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും. ചെയർ കാർ ചേർത്തതിലൂടെ സുഖകരമായ യാത്രാനുഭവവും പ്രാപ്യമാകും.
കേരളത്തിലെ യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്നു റെയില്‍വേ മന്ത്രാലയം അറിയിച്ചു.