
ആലപ്പുഴ: ആൺസുഹൃത്തിനെ രക്ഷിക്കാൻ പെൺകുട്ടി കൊടുത്ത കള്ളമൊഴിയെ തുടർന്ന് 75 കാരൻ പോക്‌സോ കേസിൽ ജയിലിൽ കഴിയേണ്ടി വന്നത് ഒൻപത് മാസം. ആലപ്പുഴ സ്വദേശി എം ജെ ജോസഫാണ് ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടന്നത്. താൻ നേരത്തെ നൽകിയത് തെറ്റായ മൊഴിയാണെന്ന് സ്കൂൾ വിദ്യാർഥിനിയായ അതിജീവിത കോടതിയിൽ പറഞ്ഞതോടെ ഇയാളെ വെറുതെ വിടുകയായിരുന്നു. ആലപ്പുഴ നഗരത്തിലെ സ്കൂളിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുമ്പോഴാണ് ജോസഫ് പോക്സോ കേസിൽ അറസ്റ്റിൽ ആകുന്നത്. സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നായിരുന്നു പരാതി.
പ്രതി നിരപരാധിയാണെന്നും ആൺ സുഹൃത്തുമായുള്ള ബന്ധം ജോസഫ് വീട്ടിൽ പറയുമോ എന്ന ഭയത്തിൽ കളളം പറഞ്ഞതാണെന്നും പെൺകുട്ടി വിചാരണ സമയത്ത് മൊഴി മാറ്റി. പക്ഷെ അപ്പോഴേക്കും ജോസഫിന്റെ ജയിൽ വാസം 285 ദിവസം പിന്നിട്ടിരുന്നു. അനുഭവിക്കാൻ ഉള്ളതെല്ലാം അനുഭവിച്ചെന്നും ആരോടും പരാതിയില്ലെന്നുമാണ് കുറ്റ വിമുക്തനായ ജോസഫ് പറയുന്നത്.
ജീവിതം പച്ച പിടിക്കാൻ തയ്യൽപണി മുതൽ സെക്യൂരിറ്റിപ്പണി വരെ ചെയ്തിട്ടുണ്ട് ജോസഫ്. പത്ത് വർഷം മുൻപ് ക്യാൻസർ ബാധിച്ച് ഭാര്യ മരിച്ചു. അതോടെ മക്കൾക്കൊപ്പമായി ജീവിതം. ഇതിനിടെയാണ് ഒരിക്കലും പ്രതീക്ഷിക്കാത്ത പരീക്ഷണങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. നിലവില്‍ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാമുകനെ പ്രതിയാക്കി നോർത്ത് പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇതിൻ്റെ വിചാരണ അധികം വൈകാതെ ആരംഭിക്കും. ജോസഫിന് രണ്ട് വർഷം മുൻപാണ് കേസിൽ ജാമ്യം ലഭിച്ചത്. ഇപ്പോൾ കോടതി കുറ്റവിമുക്തനാക്കിയതോടെ പറഞ്ഞറിയിക്കാൻ ആകാത്ത ആശ്വാസം ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group