
പുല്ലുകുളങ്ങരയിൽ പ്ലസ്ടു വിദ്യാർഥിയെ നടു റോഡിലിട്ട് ക്രൂരമായി മർദ്ദിച്ചു
സ്വന്തംലേഖകൻ
കായംകുളം: ബൈക്കിലെത്തിയ രണ്ടംഗ സംഘം പ്ലസ്ടു വിദ്യാർഥിയെ നടുറോഡിലിട്ടു ക്രൂരമായി മർദിച്ചതായി പരാതി. കായംകുളം പുല്ലുകുളങ്ങര എൻആർപിഎം സ്കൂളിലെ വിദ്യാർഥിക്കാണു മർദനമേറ്റത്. സ്കൂളിനു സമീപത്തു കഴിഞ്ഞ ദിവസം വൈകുന്നേരം സഹപാഠികൾക്കൊപ്പം വിദ്യാർഥി സ്കൂൾ വിട്ടു വീട്ടിലേക്കു പോകുന്പോഴായിരുന്നു സംഭവം.വിദ്യാർഥിയെ മർദിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ കനകക്കുന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. സ്കൂളിലെ രണ്ട് പൂർവവിദ്യാർഥികളാണു സംഭവത്തിനു പിന്നിലെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മർദിച്ചവർക്കെതിരേ പോലീസ് കേസെടുത്തു. പ്രതികളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി പോലീസ് പറഞ്ഞു.