
20 കോടിയുടെ ഹാഷിഷും കഞ്ചാവുമായി കോട്ടയം സ്വദേശി എക്സൈസ് കസ്റ്റഡിയിൽ ; പിടിയിലായത് എ.എസ്.ഐയെ കുത്തിയത് ഉൾപ്പടെ നിരവധി കേസുകളിലെ പ്രതി
സ്വന്തംലേഖകൻ
തിരുവനന്തപുരം: കാറിന്റെ അടിയിൽ രഹസ്യ അറ നിർമിച്ചു ഒളിച്ചുകടത്താൻ ശ്രമിച്ച 20 കോടി രൂപ വില വരുന്ന മയക്കുമരുന്നു തിരുവനന്തപുരത്തു പിടികൂടി. മയക്കു മരുന്നു കടത്താൻ ശ്രമിച്ച കോട്ടയം ഓണംതുരുത്ത് ചക്കുപുരയ്ക്കൽ വീട്ടിൽ ജി.കെ. എന്നു വിളിക്കുന്ന ജോർജ് കുട്ടിയെ (34) എക്സൈസ് പിടികൂടി. ഹാഷിഷും കഞ്ചാവും ചരസും അടക്കമുള്ളവയാണ് കാറിൽനിന്നു പിടികൂടിയത്. കാറിന്റെ ഡിക്കിക്കു കീഴിൽ ടയർ സൂക്ഷിച്ചിരുന്നതിനു സമീപം നിർമിച്ച രഹസ്യ അറയിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. കോവളം വാഴമുട്ടം ദേശീയപാതയിൽവച്ചാണ് ഇയാൾ സഞ്ചരിച്ച കാർ എക്സൈസ് സംഘം തടഞ്ഞത്. കാറിന്റെ അടിയിൽ നടത്തിയ പരിശോധനയിലാണ് രഹസ്യ അറ കണ്ടെത്തിയത്.നിരവധി ക്രമിനൽ കേസുകളിലെ പ്രതിയാണു പിടിയിലായ ജോർജ്കുട്ടിയെന്ന് എക്സൈസ് അറിയിച്ചു. കാപ്പ നിയമപ്രകാരം തടവിൽ കഴിഞ്ഞിട്ടുള്ള ജോർജ് കുട്ടിക്ക് കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. എസ്ഐയെ കുത്തിയ കേസിലും 23 ലക്ഷം ഹവാലപണം തട്ടിയെടുത്ത കേസിലും മാലമോഷണകേസിലും ജോർജ് കുട്ടി പ്രതിയാണ്. ഇതേ തുടർന്ന് ഭാര്യക്കൊപ്പം ബംഗളൂരു ബെല്ലാരിയിലെ ഫ്ളാറ്റിൽ താമസിക്കുന്ന ഇയാൾ ആന്ധ്രയിൽനിന്നു ഹാഷിഷും മറ്റു മയക്കുമരുന്നുകളും വാങ്ങി നേരിട്ട് വിൽപ്പന നടത്തി വരികയായിരുന്നു. മയക്കുമരുന്ന് വിപണനം തടയുന്നതിനായി എക്സൈസ് മന്ത്രിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക സ്ക്വാഡിന്റെ ആദ്യ ഹാഷിഷ് വേട്ടയാണിത്.