play-sharp-fill
‘മരക്കാർ’ ‘ലൂസിഫറി’നെ കടത്തിവെട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത് : പൃഥ്വിരാജ്

‘മരക്കാർ’ ‘ലൂസിഫറി’നെ കടത്തിവെട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത് : പൃഥ്വിരാജ്

സ്വന്തം ലേഖിക

മലയാളസിനിമയ്ക്ക് ആഗോളതലത്തിൽ വാണിജ്യത്തിന്റെ പുതിയവാതായനങ്ങൾ തുറന്നുതന്ന സിനിമയാണ് ലൂസിഫർ. 200 കോടി നേടി ചരിത്രം കുറിച്ച ലൂസിഫർ സാറ്റലൈറ്റ് റൈറ്റിൽ മാത്രമല്ല അത് ആവർത്തിച്ചത്, ഡിജിറ്റൽ റൈറ്റിലും ഓവർസീസ് ഡിസ്ട്രിബ്യൂഷനിലുമെല്ലാം റെക്കോഡ് നേട്ടമായിരുന്നു ചിത്രത്തിന്റെത്. മലയാള സിനിമ ഇന്നോളം കാണാത്ത തരത്തിൽ അതിന്റെ ബിസിനസ് മേഖലകളെയെല്ലാം ചൂഷണം ചെയ്യാൻ കഴിയുമെന്ന കാര്യം ആദ്യഘട്ടത്തിൽ തന്നെ താൻ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനോട് പറഞ്ഞതാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. ഡിജിറ്റൽ റൈറ്റ്സിന്റെ അപാരമായ സാദ്ധ്യതയാണ് ലൂസിഫറിലൂടെ മലയാള സിനിമയ്ക്ക് തുറന്നുകിട്ടിയതെന്ന് നാനാ സിനിമാ വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വി പറഞ്ഞു. 13 കോടിയായിരുന്നു ആമസോൺ പ്രൈമിലൂടെ ലൂസിഫറിന് ലഭിച്ചത്.ലൂസിഫർ നടത്തിയത് ഒരു കാൽവയ്പ്പ് മാത്രമാണെന്നും, അണിയറയിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം, മമ്മൂട്ടി ചിത്രം മാമാങ്കം എന്നിവ ലൂസിഫറിനെ കടത്തിവെട്ടുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും പൃഥ്വി പറയുന്നു. ‘ദൃശ്യം എന്ന സിനിമ റിലീസ് ചെയ്തതിന് ശേഷമാണ് ഒരു മലയാള ചിത്രത്തിന് ഇത്രയേറെ കളക്ട് ചെയ്യാൻ കഴിയുമെന്നൊരു തിരിച്ചറിവ് നമുക്കുണ്ടാകുന്നത്. അടുത്തൊരു വഴിത്തിരിവാണ് ലൂസിഫറിലൂടെ ലഭിച്ച പ്രീ റിലീസിംഗ് ബിസിനസ്’- പൃഥ്വിരാജിന്റെ വാക്കുകൾ.അതേസമയം, ലൂസിഫറിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു കഴിഞ്ഞ ആവേശത്തിലാണ് ആരാധകർ. മോഹൻലാലും, പൃഥ്വിരാജും, മുരളീ ഗോപിയും ആന്റണി പെരുമ്പാവൂരും ചേർന്നാണ് എമ്പുരാൻ എന്ന രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ലൂസിഫറിനേക്കാൾ വലിയ ചിത്രമാകും എമ്പുരാൻ എന്നും, ആദ്യത്തേതിൽ നിന്നും വിഭിന്നമായി ലാലിനൊപ്പം പ്രധാനകഥാപാത്രമായി താനുമുണ്ടാകുമെന്ന പ്രഖ്യാപനവും പൃഥ്വി നടത്തിയിട്ടുണ്ട്. അടുത്ത വർഷം മദ്ധ്യത്തോടെയാകും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.