ബിനോയിക്കെതിരെയുള്ള ആരോപണം വ്യക്തിപരമാണ്,കേസ് ബിനോയ് കൈകാര്യം ചെയ്‌തോളും ഈ വിഷയത്തിൽ പാർട്ടി ഒരു സഹായവും നൽകില്ല : കോടിയേരി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബിനോയ്‌ക്കെതിരെ ബിഹാർ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡന ആരോപണം വ്യക്തിപരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിഷയത്തിൽ പാർട്ടിയുടെ പേരിൽ ഇടപെട്ടിട്ടില്ലെന്നും പാർട്ടി ഒരു സഹായവും നൽകില്ലെന്നും കോടിയേരി യോഗത്തിൽ പറഞ്ഞു. കേസ് സംബന്ധിച്ച വിഷയം ബിനോയ് വ്യക്തിപരമായി തീർക്കുമെന്നും കോടിയേരി തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് വിശദീകരിക്കാൻ കോടിയേരി ഇന്ന് വൈകീട്ട് 3.30ന് മാദ്ധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.അതേസമയം, രാജി സന്നദ്ധതയുമായി ബന്ധപ്പെട്ട് കോടിയേരി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടില്ലെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ സന്നദ്ധനാണെന്ന് കോടിയേരി അറിയിച്ചിരുന്നതായി നേരത്തെയും വാർത്ത വന്നിരുന്നു. ഇതിന് പുറകെയാണ് കോടിയേരി രാജിക്കത്തുമായി പാർട്ടിയോഗത്തിനെത്തിയത്. എന്നാൽ കോടിയേരി നിലവിൽ രാജി വക്കേണ്ടതില്ലെന്ന നിലപാടാണ് സംസ്ഥാന ഘടകം കൈക്കൊണ്ടതെന്നാണ് സൂചന.അതിനിടെ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന ആരോപണവും കേസും നിലവിൽ ബിനോയ് ഒളിവിൽ പോയ സാഹചര്യവും അടക്കം വിവാദം വിശദമായി പാർട്ടിയോഗത്തിൽ റിപ്പോർട്ട് ചെയ്തതായാണ് വിവരം.