കാറ്റ് ,മഴ: അഞ്ഞൂറിലധികം വീടുകൾ തകർന്നു: കോടികളുടെ നഷ്ടം: മൂന്നു വെള്ളപ്പൊക്കം: കോട്ടയത്തു കാർ വശംകെട്ടു .

Spread the love

കോട്ടയം: മഴയ്‌ക്കും കാറ്റിനും ഇനിയെങ്കിലും ശമനമുണ്ടായില്ലെങ്കില്‍ ജനജീവിതം പ്രതിസന്ധിയിലാകും. കൂലിപ്പണിക്കാർക്ക് പണിയില്ലാതായിട്ട് മാസം ഒന്നു കഴിഞ്ഞു. മേയ്‌ പകുതിയോടെ തുടങ്ങിയ മഴയാണു ശമിക്കാതെ തുടരുന്നത്‌.
ഇതുവരെ മൂന്നുതവണ വെള്ളപ്പൊക്കമുണ്ടായി. കാറ്റുണ്ടാക്കിയ നഷ്‌ടം വേറെ. പതിവില്‍ നിന്നു വ്യത്യസ്‌തമായി കാലവര്‍ഷത്തിനൊപ്പം ഒന്നിലേറെ തവണയുണ്ടായ

കാറ്റില്‍ കോടികളുടെ നഷ്‌ടമാണു ജില്ലയ്‌ക്കുണ്ടായത്‌. മേയ്‌ പകുതി മുതല്‍ ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം അഞ്ഞൂറിലേറെ വീടുകളാണ്‌ മഴയിലും കാറ്റിലും തകര്‍ന്നത്‌. കെ.എസ്‌.ഇ.ബിയ്‌ക്ക് ഇതുവരെയുണ്ടായത്‌ 10.33 കോടി രൂപയുടെ നഷ്‌ടം. മേയിലാണ്‌ കാലവര്‍ഷത്തിനൊപ്പം കനത്തകാറ്റും വീശിത്തുടങ്ങിയത്‌. മേയ്‌ മാസം 225 വീടുകള്‍ തകര്‍ന്നു. ഇതിന്റെ കണക്കെടുപ്പ്‌ പൂര്‍ത്തിയാക്കിയെങ്കിലും ഒരാള്‍ക്ക്‌ പോലും ഇതുവരെ നഷ്‌ടപരിഹാരം വിതരണം ചെയ്‌തു തുടങ്ങിയിട്ടില്ല. ഇതിനു പിന്നാലെ കഴിഞ്ഞ മാസം പകുതിയോടെ അതിരമ്പുഴ, കുമരകം മേഖലകളിലായി അമ്പതോളം വീടുകള്‍ മരം വീണു തകര്‍ന്നിരുന്നു.

വെള്ളിയാഴ്‌ചയുണ്ടായ കാറ്റില്‍ മൂന്നൂറോളം വീടുകളാണു തകര്‍ന്നത്‌.മരം വീണും കനത്തമഴയില്‍ നിലംപൊത്തിയുമാണ്‌ ഏറെയും നാശനഷ്‌ടങ്ങള്‍. അപ്രതീക്ഷിതമായുണ്ടായ നഷ്‌ടത്തിന്റെ കണക്കിനു മുന്നില്‍ പലരും പകച്ചു നില്‍ക്കുകയാണ്‌. പതിനായിരം രൂപ മുതലാണ്‌ നഷ്‌ടപരിഹാരം ലഭിക്കാനുള്ളത്‌. വീടിന്റെ പഴക്കം, തകര്‍ച്ച എന്നിവ പരിഗണിച്ചാണ്‌ തുക കണക്കാക്കുന്നത്‌. നാമമാത്രമെങ്കിലും ഈ തുക എന്നു ലഭിക്കുമെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ ഘട്ടത്തില്‍ വീടു തകര്‍ന്ന പലരും പണം കടം വാങ്ങിയും വായ്‌പയെടുത്തും സുമനസുകളുടെ സഹായത്താലും വീടുകളുടെ താത്‌കാലിക അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍, കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും ഈ വീടുകളില്‍ പലതും വീണ്ടും ചോര്‍ന്നു തുടങ്ങി.കഴിഞ്ഞ 25ന്‌ കോട്ടയത്ത്‌ 52 കിലോമീറ്റര്‍ വേഗതയിലാണ്‌ കാറ്റു വീശിയതെന്നാണ്‌ കാലവസ്‌ഥ നിരീക്ഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. അന്ന്‌ മാത്രം 172 വീടുകളാണു തകര്‍ന്നത്‌.

പിറ്റേന്നുണ്ടായ കാറ്റിലാണ്‌ ബാക്കിയിടങ്ങളില്‍ കനത്ത നാശം വിതച്ചത്‌. പിന്നാലെ 68 വീടുകള്‍ കൂടി തകര്‍ന്നു. ഏറെ നാളുകള്‍ക്കു ശേഷമാണ്‌ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇത്രയും ദിവസം മഴ ലഭിക്കുന്നതെന്നു നിരീക്ഷകര്‍ പറയുന്നു. എന്നാല്‍, കണക്ക്‌ പ്രകാരം കാലവര്‍ഷക്കാലത്ത്‌ ലഭിച്ച മഴയുടെ അളവ്‌ ജില്ലയില്‍ 16 ശതമാനം കുറവാണ്‌. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെ 1135.9 മില്ലീമീറ്റര്‍ മഴ പ്രതീക്ഷിച്ചപ്പോള്‍ പെയ്‌തത്‌ 1038.6 മില്ലീ മീറ്റര്‍ മാത്രവും.
അതേസമയം, ഈയാഴ്‌ച ഏതാനും ദിവസം മഴ മാറി നില്‍ക്കുമെന്ന പ്രവചനമാണു നിരീക്ഷകര്‍ നല്‍കുന്നത്‌.

കിഴക്കന്‍ വെള്ളത്തിന്റെ വരവ്‌ ചങ്ങനാശേരിയുടെ പടിഞ്ഞാറന്‍ മേഖല വെള്ളത്തില്‍
ചങ്ങനാശേരി: മഴ ശക്‌തി പ്രാപിച്ചതോടെ ചങ്ങനാശേരി താലൂക്കിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. എ.സി റോഡ്‌ പുറേമ്പോക്ക്‌ കോളനി, പൂവം, അംബേദ്‌കര്‍ കോളനി തുടങ്ങി ചങ്ങനാശേരിയുടെ പടിഞ്ഞാറന്‍ മേഖലയിലെ താഴ്‌ന്ന പ്രദേശങ്ങളിലെ നിരവധി വീട്ടുമുറ്റത്താണു വെളളം

കയറിയത്‌. പായിപ്പാട്‌ പഞ്ചായത്തിലെ മൂലേപുതുവല്‍, നക്രാല്‍പുതുവല്‍, അറുനൂറില്‍പുതുവല്‍, കോമങ്കേരിച്ചിറ, എടവന്തറ, എസി കോളനി, എ.സി റോഡ്‌ കോളനി, കാവാലിക്കരിച്ചിറ തുടങ്ങി സ്‌ഥലങ്ങളിലെ വീട്ടുമുറ്റത്തും വെള്ളംകയറി. നഗരത്തിലെ താഴ്‌ന്ന പ്രദേശങ്ങളായ വെട്ടിത്തുരുത്ത്‌, തുരുത്തേല്‍, പറാല്‍, കുമരങ്കരി, നത്തനടിച്ചിറ, ഈരത്ര ഇഞ്ചന്‍തുരുത്ത്‌, ചാമ, തൂപ്രം, എസി റോഡിലെ ആവണി, മനയ്‌ക്കച്ചിറ, പൂവം പാലം, പാറയ്‌ക്കല്‍ കലുങ്ക്‌, കിടങ്ങറ പെട്രോള്‍ പമ്പിനു സമീപം വീട്ടുമുറ്റങ്ങളിലും വെള്ളം എത്തി തുടങ്ങി.