ഹരിപ്പാട് പാഴ്‌സൽ ലോറി തടഞ്ഞ് കോടികൾ തട്ടിയ കേസിൽ ഒരാൾ കൂടി പിടിയില്‍; ബിജെപി പ്രാദേശിക നേതാവ് അടക്കം 3 പേർക്കായി അന്വേഷണം

Spread the love

ആലപ്പുഴ: ഹരിപ്പാട് പാഴ്‌സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയില്‍. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ നിന്നാണ് തമിഴ്നാട് സ്വദേശിയായ പ്രതിയെ കസ്റ്റഡിയിലെടുത്തത്. വെല്ലുവിളികൾ നിറഞ്ഞ വഴിയിലൂടെയാണ് ആലപ്പുഴയിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘം തമിഴ്നാട്ടിൽ പ്രതികൾക്കായുള്ള അന്വേഷണം നടത്തുന്നത്.

കോയമ്പത്തൂരിൽ നിന്നു കൊല്ലത്തേക്ക് പാഴ്സൽ ലോറിയിൽ കടത്തികൊണ്ടു വന്ന മൂന്നു കോടി ഇരുപത്തിനാലു ലക്ഷം രൂപ കഴിഞ്ഞ മാസം പതിമൂന്നാം തീയതിയാണ് കാറിലെത്തിയ സംഘം തട്ടിയെടുത്തത്. കേസിൽ അഞ്ചു പേർ അറസ്റ്റിലായി. കവർച്ച ചെയ്ത പണം മറ്റൊരാൾക്ക്‌ കൈമാറിയതായി പ്രതികളുടെ മൊഴിയിൽ നിന്ന് അന്വേഷണ സംഘം മനസ്സിലാക്കി. എന്നാൽ ഭരദ്വാജ് പഴനി എന്ന അയാളുടെ പേരൊഴിച്ചാൽ മറ്റൊരു വിവരവും ലഭിച്ചില്ല. തുടർന്ന് പ്രതികളുടെ മൊഴി പ്രകാരം ഇവർ കൂടിക്കാഴ്ച നടത്തിയ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഇങ്ങനെ തമിഴ്നാട്ടിലെ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണസംഘം പരിശോധിച്ചത്.

ബഹറൈനിൽ ജോലി ചെയ്യുന്ന ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നിൽ കണ്ട് രാജ്യത്തെ വിമാനത്താവളങ്ങിൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു. തുടർന്നാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നു ഭരദ്വാജ് പിടിയിലാകുന്നത്. പ്രതിയെ അടുത്ത ദിവസം ആലപ്പുഴയിൽ എത്തിക്കും. ഇതോടെ കവർച്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് വിലയിരുത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ മുഖ്യപ്രതിയായ ബിജെപി പ്രാദേശിക നേതാവ് ദുരൈഅരസ് ഉൾപ്പടെ മൂന്നു പ്രതികൾ കൂടി ഇനിയും പിടിയിലാകാനുണ്ട്. കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് ദുരൈ അരസിനെ കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്നു പുറത്തായിരുന്നു. ഇവർക്കായി അന്വേഷണ ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തമിഴ്നാട്ടിൽ തുടരുകയാണ്. പ്രതികളുടെ രാഷ്ട്രീയ ബന്ധങ്ങൾ അന്വേഷണത്തിന് വെല്ലുവിളിയാണ്. തിരുട്ടു ഗ്രാമത്തിൽ നിന്നുൾപ്പെടെ അതിസാഹസികമായി പ്രതികളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.