പ്രവാസിയുടെ ആത്മഹത്യ ; ശ്യാമളയെ നഗരസഭ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റി,കേസും തുടർ നടപടികളും പിന്നീട്
സ്വന്തം ലേഖിക
കണ്ണൂർ: കൺവെൻഷൻ സെന്ററിന് അനുമതി നൽകാതെയുള്ള ആന്തൂർ നഗരസഭാ അധികൃതരുടെ പീഡനത്തിൽ മനംനൊന്ത് ഉടമ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന നഗരസഭ അദ്ധ്യക്ഷ പി.കെ ശ്യാമളയെ സ്ഥാനത്ത് നിന്നും മാറ്റി. ഇന്ന് ചേർന്ന സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. സംഭവം വിവാദമായതോടെ ഇന്ന് അടിയന്തര സെക്രട്ടേറിയറ്റ് ചേർന്നിരുന്നു. ഇതിൽ പങ്കെടുക്കാൻ ശ്യാമളയോട് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. അതേസമയം,? പുതിയ അദ്ധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള ചർച്ചകൾ പാർട്ടിയിൽ പുരോഗമിക്കുകയാണ്. എന്നാൽ താൻ രാജിവച്ചുവെന്ന വാർത്തകൾ തെറ്റാണെന്നും പാർട്ടി തന്നോട് രാജി ആവശ്യപ്പെട്ടില്ലെന്നുമാണ് ശ്യാമളയുടെ പ്രതികരണം. അതേസമയം, പാർട്ടി ആവശ്യപ്പെട്ടാൽ രാജിവയ്ക്കാൻ തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു.അതേസമയം, ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരകാര്യ വകുപ്പ് വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ട് ഇന്ന് കൈമാറും. മുഖ്യ ടൗൺ പ്ലാനറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഇന്നലെ ബക്കളത്തെ പാർത്ഥ കൺവെൻഷൻ സെന്ററിൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ടാണ് തദ്ദേശ വകുപ്പ് സെക്രട്ടറിയ്ക്ക് കൈമാറുക. സാജന്റെ മരണ ശേഷം ഫയലുകളിൽ നടത്തിയ കൃത്രിമം അടക്കം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.അതേസമയം നഗരസഭ അദ്ധ്യക്ഷ സി.പി.എം നേതാവ് എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയുടെ പീഡനത്തെ കുറിച്ച് സാജന്റെ കുടുംബം പരാതിപ്പെട്ട സാഹചര്യത്തിൽ ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കുമോയെന്ന ചോദ്യമാണ് ഉയരുന്നത്. ഇന്നലെ പി.കെ ശ്യാമള, നഗരസഭ സെക്രട്ടറി ഗിരീഷ്, എൻജിനിയർ കലേഷ് എന്നിവരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം പൊലീസിന് മൊഴി നല്കിയിരുന്നു. സാജന്റെ ഭാര്യ ബീന, പാർത്ഥ ഗ്രൂപ്പിലെ നാല് ജീവനക്കാർ എന്നിവരുടെ മൊഴിയാണ് വളപട്ടണം പൊലീസ് രേഖപ്പെടുത്തിയത്.