രണ്ടു മക്കളും വിവാഹിതരായി പോയി ; വീട്ടിൽ തനിച്ചു കഴിയുന്ന ദമ്പതികൾ; കൊല്ലത്ത്‌ മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ കോടാലി കൊണ്ട് കൊന്നശേഷം ജീവനൊടുക്കി

Spread the love

കൊല്ലം: മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവാക്കിയ ഭർത്താവ് ഭാര്യയെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ജീവനൊടുക്കി. കൊല്ലം എരൂരിൽ ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയത്. ചാഴിക്കുളം നിരപ്പിൽ സ്വദേശി റജി , ഭാര്യ പ്രശോഭ എന്നിവരാണ് മരിച്ചത്. കോടാലി കൊണ്ട് തലയ്ക്കടിച്ചാണ് ഭാര്യയെ കൊല്ലപ്പെടുത്തിയത്. റജി മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവാണെന്നും ഇന്നലെ രാത്രിയും ഭാര്യയുമായി വഴക്കിട്ടെന്നും അയൽക്കാർ പറയുന്നു.

രണ്ട് മക്കളും വിവാഹിതരായി പോയ ശേഷം ചാഴിക്കുളം നിരപ്പിലുള്ള വീട്ടിൽ റജിയും ഭാര്യയും മാത്രമായിരുന്നു താമസം. അമ്മയെ ഫോൺ വിളിച്ചിട്ട് കിട്ടാതായതോടെ മകൾ ഉച്ചയ്ക്ക് വീട്ടിൽ എത്തി നോക്കുമ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കാണുന്നത്. വീട് അകത്ത് നിന്ന് പൂട്ടിയിരുന്നു. സമീപത്തുണ്ടായിരുന്നവരുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിൽ റജിയുടെയും ഭാര്യ പ്രശോഭയുടെയും മൃതദേഹം കണ്ടെത്തിയത്. റജിയുടെ മൃതദേഹം തൂങ്ങി മരിച്ച നിലയിലായിരുന്നു.

നിലത്ത് ചുമരിനോട് ചേർന്ന് തലയിൽ നിന്നും ചോര വാർന്ന നിലയിലായിരുന്നു പ്രശോഭയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.ടാപ്പിംഗ് തൊഴിലാളിയാണ് റജി. വീട്ടിൽ മദ്യപിച്ചെത്തി റജി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നുവെന്ന് അയൽക്കാർ പറയുന്നു. ഇന്നലെ രാത്രിയും റജിയും ഭാര്യയും തമ്മിൽ വഴക്കുണ്ടായി. ഏരൂർ പൊലീസ് ബന്ധുക്കളുടെയും അയൽക്കാരുടെയും മൊഴി ശേഖരിച്ച് അന്വേഷണം തുടരുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group