
കൊല്ലം: കല്ല്യാണ നിശ്ചയത്തിന് വസ്ത്രമെടുക്കാനെത്തിയ യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയ ടെക്സ്റ്റയില്‍സ് ജീവനക്കാരൻ പിടിയിൽ.
കൊല്ലം കടയ്ക്കലിലാണ് സംഭവം. ഒരുലക്ഷം രൂപ നൽകിയില്ലെങ്കിൽ ഇരുപതുകാരിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച മൈനാഗപ്പള്ളി നല്ലതറ സ്വദേശി അജാസാണ് കടയ്ക്കൽ പൊലീസിന്റെ പിടിയിലായത്.
2024 ജൂലായ് യ് 13 നാണ് കേസിന് ആസ്പദമായ സംഭവം. കല്ല്യാണ നിശ്ചയത്തിന് വസ്ത്രമെടുക്കാനെത്തിയ യുവതി പുതിയ വസ്ത്രം ധരിച്ചതിന് ശേഷം ടെക്സ്റ്റയില്‍സിലെ ജീവനക്കാരനായ അജാസിനോട് ഒരു ഫോട്ടോയെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അജാസ് തന്റെ സ്വന്തം ഫോണിലെടുത്ത ഫോട്ടോ കുട്ടിയെകാണിച്ചു. അതിന് ശേഷം ജൂലൈ 21–ാം തീയതി കുട്ടിയുടെ ചിത്രം മോർഫ് ചെയ്ത അജാസ് കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
പണം നൽകിയില്ലെങ്കിൽ ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പെൺകുട്ടിയുടെ അമ്മയെ വിളിച്ച് പറയുകയായിരുന്നു. പെൺകുട്ടി വിവരം അറിഞ്ഞ ഉടന്‍ തന്നെ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. അജാസിനെ തമിഴ്നാട്ടിലെ രാമനാഥപുരത്ത് നിന്നാണ് പിടികൂടിയത്.
സംഭവം പൊലീസ് കേസായതോടെ ഫോൺ ഉപയോഗിക്കാതിരുന്ന അജാസ് കഴിഞ്ഞ ദിവസം പഴയ സിംകാർഡ് ഒഴിവാക്കി ഫോണിൽ പുതിയ സിം കാർഡ് ഇട്ടു. സൈബർ സെൽ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ നോക്കി വിവരം കടയ്ക്കൽ പൊലീസിനെ അറിയിച്ചതോടെയാണ് അറസ്റ്റുണ്ടായത്. അജാസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു