വാഹനങ്ങളില്‍ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന എൻജിൻ ഓയിലിന് തമിഴ് നാട്ടിൽ വൻ ഡിമാൻഡ്: ഭക്ഷ്യഎണ്ണയിൽ കലർത്താനാണോ എന്ന് സംശയം.

Spread the love

കോട്ടയം : വാഹനങ്ങളില്‍ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന എൻജിൻ ഓയിലിന് വൻ ഡിമാൻഡ്. വെളിച്ചെണ്ണ ഉള്‍പ്പെടെ ഭക്ഷ്യഎണ്ണ വില കുതിച്ചുയർന്നതോടെയാണ് എൻജിൻ ഓയിലിന് തമിഴ്നാട്ടില്‍ നിന്ന് ആവശ്യക്കാർ വർദ്ധിച്ചത്.

ഇത് ഭക്ഷ്യ എണ്ണയില്‍ മായം ചേർക്കാനാണോയെന്ന സംശയവും ഇതോടെ ബലപ്പെട്ടു. വർക്ക് ഷോപ്പുകളില്‍ആർക്കും വേണ്ടാതെ വലിയ വീപ്പകളില്‍ സൂക്ഷിച്ചിരുന്ന ഓയിലിന് ലിറ്ററിന് 50 രൂപയായി. നേരത്തേ 20 – 30 രൂപയായിരുന്നു. മുൻകാലങ്ങളില്‍ തടിഅറക്കുന്ന മില്ലുകളും വാർക്ക തകിട് വാടകയ്ക്ക് കൊടുക്കുന്നവരുമാണ് വാങ്ങിയിരുന്നത്.

മാസങ്ങള്‍ക്ക് മുൻപ് വർഷത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം മാത്രം എത്തിയിരുന്ന തമിഴ്നാട്ടിലെ കച്ചവടക്കാർ അടുത്ത കാലത്തായി എല്ലാമാസവും ഓയില്‍ വാങ്ങാൻ എത്തുകയാണെന്ന് വർക്ക് ഷോപ്പ് ഉടമകള്‍ പറയുന്നു.
ഇന്ന് നിരത്തില്‍ ഓടുന്ന വലിയ വാഹനങ്ങളില്‍ അറുപതു ശതമാനവും പുതിയ സാങ്കേതികവിദ്യയുള്ള വാഹനങ്ങളാണ്. കൃത്യമായ ഇടവേളകളില്‍ ഓയില്‍ മാറിയില്ലെങ്കില്‍ എൻജിന് തകരാർ സംഭവിക്കും. ഇതോടെ ഉപയോഗം വലിയ തോതില്‍ വർദ്ധിച്ചു. എന്നാല്‍ ഉപയോഗിച്ച ഓയിലിന്റെ വില ഉയരുന്നത് ആദ്യമായിട്ടാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യത്തിന് ഹാനികരം
തമിഴ്നാട്ടിലെ കച്ചവടക്കാർ കൊണ്ടുപോകുന്ന ഉപയോഗ ശൂന്യമായ എൻജിൻ ഓയില്‍ ഭക്ഷ്യ എണ്ണയില്‍ കലർത്തുന്നുണ്ടോ എന്നു കണ്ടെത്താനുള്ള പരിശോധനയും കേരളത്തിലില്ല. ഇതില്‍ കാർബണിന്റെ അംശം കൂടുതലാണ്. ഉള്ളില്‍ ചെന്നാല്‍ ആരോഗ്യത്തിന് ഹാനികരമാണ്.

വിളക്ക് കത്തിക്കാൻ ഉപയോഗിക്കുന്ന നല്ലെണ്ണ, വിളക്കെണ്ണ എന്നിവയില്‍ നേരത്തേ ചേർത്തിരുന്നുവെന്ന പരാതിയുണ്ട്.
”ഉപയോഗിച്ചശേഷമുള്ള എൻജിൻ ഓയില്‍ ഭക്ഷ്യ എണ്ണയില്‍ ചേ‌ർക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ഭക്ഷ്യ എണ്ണയുടെ പരിശോധന ശക്തമാക്കണമെന്ന ആവശ്യവും ഉയർന്നു.