ഒരുക്കങ്ങൾ പൂർത്തിയായി;വൈക്കം മഹാദേവക്ഷേത്രത്തിലെ നിറയും പുത്തിരിയും 30-ന്

Spread the love

 

 

വൈക്കം : വൈക്കം മഹാദേവക്ഷേത്രത്തിലെ നിറയും പുത്തിരിയും 30-ന് നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ബുധനാഴ്ച പുലർച്ചെ 5.30-നും 6.30-നും ഇടയിൽ വൈക്കത്തപ്പന് പുത്തനരിയിൽ തയ്യാറാക്കുന്ന നിവേദ്യം സമർപ്പിക്കും.

പുതുവർഷത്തിൽ വിളവെടുക്കുന്ന നെൽക്കറ്റകൾ ഭക്തർ വഴിപാടായി ഭഗവാന് സമർപ്പിക്കും. ഇതിലെ നെൽക്കതിരുകളാണ് നിറയ്‌ക്കും പുത്തിരിക്കും നിവേദ്യത്തിനും എടുക്കുന്നത്. ക്ഷേത്രത്തിലെ വ്യാഘ്രപാദ ആൽത്തറയ്ക്കുമുൻപിലാണ് ഭക്തർ വിളവെടുപ്പിലെ ആദ്യ ഉത്പന്നങ്ങൾ ഭഗവാന് സമർപ്പിക്കുന്നത്.

പുലർച്ചെ അഞ്ചിന് മേൽശാന്തി തരണി ഡി.നാരായണൻ നമ്പൂതിരി കതിർക്കെട്ടുകൾ നാളികേരമുടച്ച് പൂജിച്ചശേഷം വെള്ളി ഉരുളിയിൽ നിറച്ച് തലയിൽചുമന്ന് മണികിലുക്കി അനുഷ്ഠാന വാദ്യങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് പ്രദക്ഷിണംവെച്ച് ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് പുത്തനരിയിൽ തയ്യാറാക്കുന്ന നിവേദ്യം ഭഗവാന് സമർപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്തർ വഴിപാടായി സമർപ്പിക്കുന്ന നെൽക്കറ്റകൾ പിന്നീട് ഭക്തർക്ക് പ്രസാദമായി വിതരണംചെയ്യും. നെല്ലി, ഇല്ലി, മാവില, ആലില എന്നിവ ചേർത്ത് പൊതിഞ്ഞ നെൽക്കതിർ കെട്ടുകളാണ് ഭക്തർക്ക് വഴിപാടായി വിതരണം ചെയ്യുന്നത്. ദേവസ്വം അധികാരികളുടെ നേതൃത്വത്തിലാണ് കലാമണ്ഡപത്തിൽ വിതരണം. പ്രസാദമായി വാങ്ങുന്ന കതിർക്കെട്ടുകൾ വീടുകളിൽ സൂക്ഷിക്കുന്നത് ഐശ്വര്യമെന്നാണ് വിശ്വാസം