
പത്തനംതിട്ട: വില്പനയ്ക്കായി കടയില്‍ സൂക്ഷിച്ചിരുന്ന ഹാര്‍പിക്, ലൈസോള്‍ പോലുള്ള ബ്രാന്‍ഡുകളുടെ വ്യാജ പതിപ്പുകൾ പോലീസ് പിടികൂടി. പഴയ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഒരു കച്ചവട സ്ഥാപനത്തിൽ നിന്നാണ് 227 ബോട്ടിലുകള്‍ പോലിസ് പിടിച്ചെടുത്തത്.
ആലപ്പുഴ വള്ളികുന്നം സ്വദേശി നടത്തുന്ന ഇസ്മായില്‍ ട്രെഡേഴ്സ് എന്ന കച്ചവട സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് ഈ നിയമവിരുദ്ധ ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ എസ് എച്ച് ഓ കെ സുനുമോന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ കെ.ആര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ഡിവൈ.എസ്.പി എസ്. ന്യൂമാന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്, ബി എന്‍ എസിലെ വകുപ്പുകള്‍ക്ക് പുറമെ പകര്‍പ്പവകാശ നിയമത്തിലെയും ട്രേഡ് മാര്‍ക്ക് ആക്ടിലെയും നിര്‍ദിഷ്ട വകുപ്പുകള്‍ കൂടി ചേർത്താണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റെക്കിറ്റ് കമ്പനി വിതരണം ചെയ്യുന്ന ലൈസോള്‍, ഹാര്‍പിക് എന്നിവയുടെ കൃത്രിമ പതിപ്പുകളാണ് സ്ഥാപനത്തില്‍ വില്‍പ്പനയ്‌ക്കായി സൂക്ഷിച്ചിരുന്നത്. ഉല്‍പ്പന്നങ്ങളും ബോട്ടിലുകളും ലേബലുകളും ട്രേഡ് മാര്‍ക്കും വ്യാജമായി നിർമിച്ചവ ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ലൈസോള്‍, ഹാര്‍പിക് എന്നിവയുടെ വില്‍പ്പനാവകാശമുള്ള റെക്കിറ്റ് കമ്പനിയുടെ ലീഗൽ സർവീസ് നടത്തുന്ന ഡെപ്യൂട്ടി മാനേജര്‍ ശ്രീജിത്ത് പരിശോധന സമയത്ത് സ്ഥലത്ത് എത്തിയിരുന്നു. പരിശോധനാ സംഘത്തില്‍ എസ്.ഐക്കൊപ്പം പിങ്ക് പോലീസിലെ എ.എസ്.ഐ കുഞ്ഞമ്മയും, പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒമാരായ രാജീവ് കൃഷ്ണന്‍, ബൈജു, അയൂബ് ഖാന്‍ എന്നിവരും ഉണ്ടായിരുന്നു.