ശക്തമായ കാറ്റ് ,മഴ: ചങ്ങനാശേരി താലൂക്കിൽ വ്യാപക നാശനഷ്ടങ്ങൾ: വൈദ്യുതി ബന്ധം പുന:സ്ഥാപിക്കൽ വൈകുന്നു

Spread the love

ചങ്ങനാശേരി: മൂന്നുമിനിറ്റ് വീശിയടിച്ച ചുഴലിക്കാറ്റില്‍ വന്‍നാശനഷ്ടം. നിരവധി മരങ്ങള്‍ കടപുഴകി, വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകര്‍ന്നുവീണു.
വീടുകള്‍ക്കുമേലും മരങ്ങള്‍ വീണു. ചങ്ങനാശേരി താലൂക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതിബന്ധം താറുമാറായി. പെരുന്ന, മലേക്കുന്ന്, ഇത്തിത്താനം, വാകത്താനം, മാടപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, കൂത്രപ്പള്ളി, നെടുംകുന്നം, പത്തനാട് പ്രദേശങ്ങളില്‍ നിരവധി മരങ്ങള്‍ കടപുഴകി. മിക്കഭാഗങ്ങളിലും വൈദ്യുതിബന്ധം മുടങ്ങി. ഫാത്തിമാപുരം കുന്നക്കാട് ഭാഗത്തു മൂന്നു വൈദ്യുതിപോസ്റ്റുകളും തകര്‍ന്നു വീണു.

വലിയകുളത്ത് സ്വകാര്യ പുരയിടത്തിലെ തേക്കുമരം വീണു നാലു വൈദ്യുതി പോസ്റ്റുകളും ലൈനും തകര്‍ന്നു വീണു. സമീപത്തെ തടിമില്ലിന്‍റെ മേല്‍ക്കൂരയും തകര്‍ന്നു. മില്ലിലുണ്ടായിരുന്ന ആറുജോലിക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചുഴലിക്കാറ്റിനൊപ്പം പെയ്ത കനത്തമഴയത്ത് ഞെട്ടിവിറച്ചു നില്‍ക്കുമ്ബോള്‍ പുറത്ത് തീപടരുന്നതു കണ്ടു. ഒപ്പം മില്ല് കെട്ടിടത്തിന്‍റെ മേല്‍ക്കൂര നിലംപതിക്കുകയായിരുന്നുവെന്ന് മില്ലു നടത്തിപ്പുകാരന്‍ രാജുവും തൊഴിലാളികളും പറഞ്ഞു.

മരവും പോസ്റ്റുകളും വീണതിനെത്തുടര്‍ന്ന് വലിയകുളം ചീരഞ്ചിറ റോഡില്‍ ദീര്‍ഘനേരം ഗതാഗതം തടസപ്പെട്ടു. പോലീസും ഫയര്‍ഫോഴ്‌സും കെഎസ്‌ഇബി അധികൃതും ചേര്‍ന്നു മരം മുറിച്ചുമാറ്റി. വൈദ്യുതി പോസ്റ്റുകളും കുരുങ്ങിയ കമ്പികളും അഴിച്ചുമാറ്റി. സംഭവത്തെത്തുടർന്ന് വലിയകുളം, ചീരഞ്ചിറ, പാത്തിക്കമുക്ക് ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം നിലച്ചു. കോരിച്ചൊരിയുന്ന മഴ മരങ്ങള്‍ വെട്ടിമാറ്റുന്നതിന് തടസമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുന്തുരുത്തി-ഏറ്റുമാനൂര്‍ ബൈപാസില്‍ അയര്‍ക്കാട്ടുവയല്‍ സ്‌കൂളിനു സമീപവും വാകത്താനത്തും മരം വീണു ഗതാഗതം തടസപ്പെട്ടു.

പശുത്തൊഴുത്ത് തകര്‍ന്നു

പായിപ്പാട്: മാവ് കടപുഴകിവീണ് പായിപ്പാട് പള്ളിക്കച്ചിറ മുക്കാഞ്ഞിരം തെക്കേപ്പുള്ളിയില്‍ സന്തോഷിന്‍റെ ശുചിമുറിയും പശുത്തൊഴുത്തും തകര്‍ന്നു. മൂന്നുലക്ഷം രൂപ ബാങ്ക് വായ്പയെടുത്ത് നിര്‍മിച്ച പശുതൊഴുത്താണ് തകർന്നത്. പശുവിന് തീറ്റ നല്‍കാനായി തൊഴുത്തില്‍നിന്നു മാറ്റിയിരുന്നതിനാല്‍ അപകടമൊഴിവായി.

നെടുംകുന്നത്ത് വ്യാപക നഷ്ടം

നെടുംകുന്നം: ശക്തമായ കാറ്റില്‍ നെടുംകുന്നം മേഖലയില്‍ കനത്തനാശം. വ്യാപകമായി മരങ്ങള്‍ കടപുഴകി വീണു. നിരവധി വീടുകള്‍ തകർന്നു. വൈദ്യുതപോസ്റ്റുകള്‍ മരം വീണ് തകർന്നതിനെത്തുടർന്ന് പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചു. മരച്ചില്ലകള്‍ പതിച്ച്‌ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ വീശിയടിച്ച കാറ്റില്‍ നെടുംകുന്നം, നിലംപൊടിഞ്ഞ, വട്ടപ്പാറ, അട്ടിപ്പടി – വട്ടപ്പാറ റോഡ്, മാന്തുരുത്തി-നെടുംകുന്നം റോഡ്, തൊട്ടിക്കല്‍, നെടുംകുന്നം-പുന്നവേലി റോഡ് തുടങ്ങിയ ഭാഗങ്ങളില്‍ നിരവധി വീടുകള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും മീതേ മരങ്ങള്‍ മറിഞ്ഞുവീണു വ്യാപക നഷ്ടമാണ് സംഭവിച്ചത്.

നെടുംകുന്നം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലും വ്യാപക നാശനഷ്ടം സംഭവിച്ചു. നെടും കുന്നം -മണിമല റോഡില്‍ പഞ്ചായത്ത് ജംഗ്ഷനില്‍ തേക്കുമരം വീണ് വൈദ്യുതിലൈനും ട്രാൻസ്‌ഫോർമറും തകർന്നു. നിലംപൊടിഞ്ഞ വട്ടക്കാവില്‍ മാത്തുക്കുട്ടി, പാറക്കുഴിയില്‍ ഷൈജു, ഐക്കുളം അജി ഡേവിഡ് എന്നിവരുടെ വീടിന് മുകളില്‍ മരം വീണ് നാശനഷ്ടമുണ്ടായി. മാന്തുരുത്തി – നെടുംകുന്നം റോഡില്‍ മാന്തുരുത്തി ജംഗ്ഷനു സമീപം തേക്ക് മരങ്ങള്‍ വീണ് വൈദ്യുതിലൈൻ തകർന്നു.

അട്ടിപ്പടി-വട്ടപ്പാറ റോഡില്‍ മരം വീണ് ഗതാഗതവും വൈദ്യുതിയും മുടങ്ങി. അരണപ്പാറയില്‍ കുര്യന്‍റെ വീടിനു മുകളില്‍ മരം വീണ് വീടു ഭാഗികമായി തകർന്നു. പുതുപ്പള്ളിപ്പടവ് മറ്റത്തുങ്കല്‍ എം.ആർ. മനോജ്കുമാറിന്‍റെ വീടിന്‍റെ ആസ്ബസ്‌റ്റോസ് ഷീറ്റുകള്‍ കാറ്റില്‍ പറന്നുപോയി. മുഴുവൻകുഴിയില്‍ രമേശിന്‍റെ കാർ ഷെഡിന് മുകളില്‍ പ്ലാവ് ഒടിഞ്ഞു വീണു ഷെഡും കാറും തകർന്നു. തെക്കേക്കര താഴെ സുനില്‍കുമാറിന്‍റെ വീടിന്‍റെ ഒരു ഭാഗവും ജലസംഭരണിയും മരം വീണ് തകർന്നു.

പുതുപ്പള്ളിപ്പടവ് അങ്കണവാടിക്കു സമീപം മരം വീണ് വൈദ്യുതലൈനും തൂണും തകർന്നു. നെടുംകുന്നം ജമാഅത്ത് വക ക്വാർട്ടേഴ്‌സ് കെട്ടിടത്തിന്‍റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. റബർ, തേക്ക്, പ്ലാവ്, ആഞ്ഞിലി തുടങ്ങിയ മരങ്ങള്‍ പലയിടത്തും കടപുഴകി വീണു. നിരവധി കർഷകരുടെ റബർ, മരച്ചീനി, ചേന, വാഴ തുടങ്ങിയ കൃഷികള്‍ക്കും നാശം നേരിട്ടു.

തോട്ടയ്ക്കാട് വൻനാശം

തോട്ടയ്ക്കാട്: ഇന്നലെ ഉച്ചയ്ക്ക് മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റില്‍ തോട്ടയ്ക്കാട് മേഖലയില്‍ വൻനാശം. കൃഷികള്‍ക്കാണ് കനത്തനാശം സംഭവിച്ചത്. നിരവധിപ്പേരുടെ വാഴ, കപ്പ, റബർ തുടങ്ങിയവ നശിച്ചിട്ടുണ്ട്.

കുന്നത്ത് പൗലോസ്, ചിറയില്‍ രാജു എന്നിവരുടെ കുലച്ചു പകുതി മൂപ്പായ ഏത്തവാഴകള്‍ കാറ്റില്‍ നിലംപൊത്തി. പൗലോസിന്‍റെ നൂറ്റന്പതോളം കുലച്ചവാഴകളാണ് നശിച്ചത്. മേഖലയില്‍ വൈദ്യുതി വിതരണവും നിലച്ചു. തോട്ടയ്ക്കാട് അമ്പലക്കവലയ്ക്കു സമീപം റോഡില്‍ മരം വീണതിനെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.