ജയിലിൽ ലഹരി മരുന്ന് സുലഭം, ഫോൺ സൗകര്യം, എല്ലാത്തിനും പണം നൽകണം; ചോദ്യം ചെയ്യലിൽ ജയിലിനുള്ളിലെ ലഹരി വിതരണക്കാരുടെ വിവരങ്ങൾ പോലീസിന് മുന്നിൽ വെളിപ്പെടുത്തി ഗോവിന്ദചാമി

Spread the love

കണ്ണൂർ: കണ്ണൂർ ജയിലിൽ കഞ്ചാവും ലഹരിവസ്തുക്കളും സുലഭമെന്ന് ജയിൽ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദചാമിയുടെ മൊഴി. പുറത്തേക്ക് ഫോൺ വിളിക്കാനും ജയിലിൽ സൗകര്യമുണ്ട്. എല്ലാത്തിനും പണം നൽകണം. ജയിലിനുള്ളിലെ ലഹരി വിതരണക്കാരുടെ വിവരങ്ങളും ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിൽ ഗോവിന്ദചാമി പൊലീസിന് മുന്നിൽ വെളിപ്പെടുത്തിയതായാണ് വിവരം. ജയിൽചാടാൻ ആരുടെയുo സഹായം ലഭിച്ചില്ലെന്നും ഗോവിന്ദചാമി വ്യക്തമാക്കിയിട്ടുണ്ട്.

അതീവ സുരക്ഷയുള്ള കണ്ണൂർ ജയിലിൽ നിന്ന് ഇന്നലെ പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. പിടികൂടിയ ശേഷം ഇന്നലെ വൈകീട്ടോടെ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. സുരക്ഷ വീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തിൽ നാല് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സെൻട്രൽ ജയിലിനകത്തെ ഇലക്ട്രിക് ഫെൻസിങും സിസിടിവികളും പ്രവർത്തന ക്ഷമമല്ലേ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകൾ തുടരുകയാണ്.

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ജയിലിൽ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ചയാണ്. വെള്ളിയാഴ്ച രാവിലത്തെ പരിശോധനയിൽ തടവുകാരെല്ലാം അഴിക്കുള്ളിൽ ഉണ്ടെന്നാണ് ഗാർഡ് ഓഫീസർക്ക് ലഭിച്ച റിപ്പോർട്ട്. ആരോ ഒരാൾ ജയിൽ ചാടി എന്നറിഞ്ഞത് മതിലിലെ തുണി കണ്ടശേഷമാത്രമാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയതെന്ന് അറിഞ്ഞത്. ഗാർഡ് ഓഫീസർക്ക് ലഭിച്ച ആദ്യ റിപ്പോർട്ട് കൃത്യമായ പരിശോധനയില്ലാതെയാണെന്നും ഇതിലൂടെ വ്യക്തമായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group