ചങ്ങനാശേരി , തൃക്കൊടിത്താനം, കറുകച്ചാൽ മൂന്നിടത്തും വില്ലേജ് ഓഫീസര്‍മാരില്ല: വിവിധ സർട്ടിഫിക്കറ്റുകൾക്കായി ജനം കാത്തിരിക്കുന്നു.

Spread the love

ചങ്ങനാശേരി: ചങ്ങനാശേരിയിലും തൃക്കൊടിത്താനത്തും കറുകച്ചാലിലും വില്ലേജ് ഓഫീസര്‍മാരെ നിയമിക്കുന്നത് നീളുന്നു.
ഈ വില്ലേജ് ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന ആളുകള്‍ ബുദ്ധിമുട്ടുന്നു.

ചങ്ങനാശേരി വില്ലേജ് ഓഫീസർ സ്ഥലം മാറിപ്പോയിട്ട് ഒന്നരമാസമായി. പകരം ആളെ നിയമിച്ചില്ല. തൃക്കൊടിത്താനം വില്ലേജ് ഓഫീസര്‍ കഴിഞ്ഞ ഏപ്രിലില്‍ വിരമിച്ച ഒഴിവിലും‍ പുതിയ ഓഫീസറെ നിയമിച്ചിട്ടില്ല.

കറുകച്ചാലില്‍ വില്ലേജ് ഓഫീസര്‍ ഇല്ലാതായിട്ടു രണ്ടുമാസം പിന്നിട്ടു. സ്‌കൂള്‍, കോളജ് പ്രവേശനത്തിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, പ്രകൃതിക്ഷോഭ കാര്യങ്ങളുടെ പരിശോധന തുടങ്ങി വില്ലേജ് ഓഫീസര്‍മാർ ചെയ്യേണ്ട ജോലികളാണ് ആളുകള്‍ക്ക് നിഷേധിക്കപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരി ലാൻഡ് റിക്കോര്‍ഡ്‌സ് വിഭാഗം തഹസില്‍ദാർക്ക് കോട്ടയത്തുള്ള വോട്ടിംഗ് യന്ത്രം സൂക്ഷിക്കുന്ന കേന്ദ്രത്തിന്‍റെ ഫസ്റ്റ് ലെവല്‍ ഓഫീസറുടെ ചുമതലകൂടി നല്‍കിയിരിക്കുകയാണ്. സ്ഥലം അളവ്, അതിര്‍ത്തി നിര്‍ണയം, നിലം/പുരയിടം തരംമാറ്റം, പോക്കുവരവ് തുടങ്ങിയ ചുമതലകളാണ് ലാൻഡ് റിക്കോര്‍ഡ്‌സ് വിഭാഗം തഹസില്‍ദാര്‍ക്കുള്ളത്. ഇദ്ദേഹത്തിന് അധികച്ചുമതല നല്‍കിയതോടെ ചങ്ങനാശേരി ലാൻഡ് റിക്കോര്‍ഡ്‌സ് വിഭാഗത്തിലെ സേവനങ്ങള്‍ക്കു തടസം നേരിടാന്‍ ഇടയുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ടുമാർക്കോ കോട്ടയം സ്‌പെഷല്‍ തഹസില്‍ദാർമാർക്കോ വോട്ടിംഗ് യന്ത്രം സൂക്ഷിക്കുന്ന കേന്ദ്രത്തിന്‍റെ ചുമതല നല്‍കി ബുദ്ധിമുട്ടുകള്‍ പരിഹരിക്കാവുന്നതെയുള്ളൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.