
തിരുവനന്തപുരം: തിരുവനന്തപുരത്ത് മലയോരങ്ങളിൽ കനത്തമഴ തുടരുന്നു. ശക്തമായ മഴയിലും കാറ്റിലും മരം വീണ് ബോണക്കാട് റൂട്ടിൽ ഗതാഗതതടസമുണ്ടായി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കാണിത്തടത്ത് നിന്നും ബോണക്കാട് പോകുന്ന വഴിയിലാണ് വന്മരം റോഡിലേക്ക് പതിച്ചത്.
വലിയ ശിഖരങ്ങൾ ഉൾപ്പടെ റോഡിൽ നിറഞ്ഞതോടെ എതിർവശം കാണാൻ പോലും സാധിക്കാത്തവിധത്തിലായിരുന്നു. ഗതാഗതം പൂർണമായും തടസപ്പെട്ടതോടെ കെഎസ്ആർടിസി ബസ് ഉൾപ്പെടെ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയും ചെയ്തു. പിന്നാലെ നാട്ടുകാർ വിളിച്ചറിയിച്ചതോടെ വിതുര യൂണിറ്റിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി.
സേനാംഗങ്ങൾ മണിക്കൂറുകൾ നടത്തിയ പരിശ്രമത്തിനൊടുവിൽ മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. മരം വീണ സമയത്ത് വാഹനങ്ങൾ കടന്ന് പോകാത്തതിനാൽ വലിയ അപകടം ഒഴിവായെന്ന് നാട്ടുകാർ പറഞ്ഞു. തിരുവനന്തപുരത്തെ മലയോര മേഖലയിലെ മറ്റിടങ്ങളിലും കനത്ത മഴയിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിലടക്കം ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരത്ത് മുന്നറിയിപ്പൊന്നുമില്ലെങ്കിലും മലയോര മേഖലയിൽ ശക്തമായ മഴയാണ് പെയ്തത്. നാളെ തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
അടുത്ത രണ്ടു ദിവസം തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഇതിനിടെ, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ജൂലൈ 28വരെ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.