സ്കൂൾ വിദ്യാർത്ഥികളെയും അതിഥി തൊഴിലാളികളെയും ലക്ഷ്യം വെച്ച് ലഹരി വില്പന ; പലചരക്ക് കടയിൽ സൂക്ഷിച്ച പുകയില ഉല്പ്പന്നങ്ങളുമായി ഉടമ പിടിയിൽ

Spread the love

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും വില്‍പന നടത്തുന്നതിനായി പലചരക്ക് കടയില്‍ പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ച ഉടമ പിടിയില്‍. നല്ലളം കുന്നുമ്മലില്‍ മദ്രസക്ക് സമീപം പ്രവര്‍ത്തിക്കുന്ന എംവി സ്റ്റോര്‍ പലചരക്ക് കട നടത്തുന്ന കൊളത്തറ തൊണ്ടിയില്‍പറമ്പ് സ്വദേശി മുല്ലവീട്ടില്‍ മുഹമ്മദ് അസ്ലമി(35)നെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കടയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ച് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും വില്‍പന നടത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഹാന്‍സ് കൈമാറിയതും നിര്‍ണായകമായി. ഉടന്‍ തന്നെ പൊലീസ് നടത്തിയ പരിശോധനയിലാണ് കടയില്‍ നിന്നും വന്‍തോതില്‍ ഹാന്‍സ് ശേഖരം പിടികൂടിയത്. നല്ലളം എസ്‌ഐ സാംസണ്‍, പൊലീസുകാരായ സുഭഗ, പ്രജീഷ്, മനു എന്നിവരുള്‍പ്പെട്ട സംഘമാണ് അസ്ലമിനെ പിടികൂടിയത്.