
തൃശൂർ : പിതാവ് മരിച്ചതറിഞ്ഞ മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടു. ഇതോടെ അഗതി മന്ദിരത്തില്‍ നിന്ന് വീട്ടിലെത്തിച്ച പിതാവിന്‍റെ മൃതദേഹം വീടിനുള്ളിലേക്ക് കയറ്റാനായില്ല.
മകനു വേണ്ടി മൃതദേഹം വീടിന് പുറത്ത് വെച്ച് കാത്തിരുന്നെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മകൻ പിതാവിന്‍റെ അന്ത്യയാത്രാ ചടങ്ങുകളില്‍ പങ്കെടുക്കാതെ മാറി നിന്നെന്ന് ബന്ധുക്കള്‍ പറയുന്നു.
അരിമ്ബൂർ കൈപ്പിള്ളി റിംഗ് റോഡില്‍ തോമസ് (78) ആണ് ബുധനാഴ്ച രാവിലെ മണലൂരിലെ അഗതി മന്ദിരത്തില്‍ മരിച്ചത്. ഏതാനും മാസം മുൻപാണ് മകനും മരുമകളും മർദ്ദിക്കുന്നതായി ആരോപിച്ച് തോമസ് ഭാര്യ റോസിലിയോടൊപ്പം വീട് വിട്ട് ഇറങ്ങിയത്. ഇത് സംബന്ധിച്ച് ഇവർ അന്തിക്കാട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇവരെ മണലൂരിലെ അഗതി മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. മാസങ്ങളായി തോമസും റോസിലിയും മണലൂരിലെ അഗതി മന്ദിരത്തിലാണ് കഴിഞ്ഞിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ ബുധനാഴ്ച രാവിലെയാണ് തോമസ് മരിച്ചത്. വിവരം അധികൃതർ മകനെ അറിയിക്കുകയും ചെയ്തു. നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് മകൻ വീട് പൂട്ടിപ്പോയ വിവരം അറിയുന്നത്. മകനെ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് ബന്ധുക്കളും അയല്‍വാസികളും പറഞ്ഞു. തുടർന്ന് വീട്ട്മുറ്റത്ത് തന്നെ മൃതദേഹം കിടത്തി അന്ത്യയാത്രാ കർമ്മങ്ങള്‍ നടത്തി വൈകീട്ട് എറവ് സെന്‍റ് തെരേസാസ് പള്ളിയില്‍ സംസ്കാരം നടത്തി.