
ചെന്നൈ: പൊലീസ് കസ്റ്റഡിയിൽ മരിച്ച ക്ഷേത്ര സുരക്ഷാ ജീവനക്കാരൻ അജിത് കുമാറിന്റെ കുടുംബത്തിന് ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപ കൂടി നൽകാൻ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതിനകം 7.5 ലക്ഷം രൂപ സർക്കാർ നൽകിയിരുന്നു. ഇതിനു പുറമെയാണ് 25 ലക്ഷം രൂപയും നൽകേണ്ടത്. ആകെ നഷ്ടപരിഹാരം 32.5 ലക്ഷമായി. ആദ്യ തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി കൂടുതൽ നഷ്ടപരിഹാരം നൽകാൻ കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കുകയായിരുന്നു. ആവശ്യമെങ്കിൽ കുടുംബത്തിന് അധികാരികളിൽ നിന്ന് കൂടുതൽ സഹായം തേടുന്നതിന് ഈ ഇടക്കാല ആശ്വാസം തടസ്സമാകില്ലെന്നും ജഡ്ജിമാർ വ്യക്തമാക്കി.
2018ലെ സാക്ഷി സംരക്ഷണ പദ്ധതി പ്രകാരം അപേക്ഷകൾ ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ കേൾക്കണമെന്നും ശിവഗംഗ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയോട് കോടതി നിർദ്ദേശിച്ചു. സിബിഐ അന്വേഷണം ഏറ്റെടുത്ത് വാദം കേൾക്കുന്നതിനായി കേസ് ഓഗസ്റ്റ് 20 ലേക്ക് മാറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ ഉൾപ്പെട്ട അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു കൊണ്ട് വകുപ്പുതല അന്വേഷണം ആരംഭിച്ചിരുന്നു. ശിവഗംഗ പൊലീസ് സൂപ്രണ്ടിനെ പുറത്താക്കുകയും ചെയ്തു. സിബിഐ സംഘം ശിവഗംഗ സന്ദർശിക്കുകയും മധുരയിലെ സിബിഐ ഓഫീസിൽ വച്ച് സാക്ഷികളെ ചോദ്യം ചെയ്യുകയും ചെയ്തു. അജിത് കുമാറിനെ കസ്റ്റഡിയിലെടുത്ത പൊലീസ് സ്റ്റേഷനും ഉദ്യോഗസ്ഥർ പരിശോധിച്ചു.