
ആലപ്പുഴ : വെള്ളപ്പൊക്കം കാരണം സ്കൂള്‍ അപകടഭീഷണിയിലെന്ന് പരാതി, കുട്ടനാട്ടിലെ കൈനകരി എസ്‌എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ പരാതിയില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.
സ്കൂള്‍ അപകടഭീഷണിയിലാണെന്ന് ചൂണ്ടിക്കാട്ടി 200 ഓളം വിദ്യാർത്ഥികളും അധ്യാപകരുമാണ് ഹൈക്കോടതിയെ സമീപിച്ചത്.
അധികൃതർക്ക് നിരവധി തവണ ഇടപെടല്‍ ആവശ്യപ്പെട്ട് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഒന്നരമാസമായി തുടരുന്ന മഴയില്‍ മടവീഴ്ചയുണ്ടായി 20 ക്ലാസ് റൂമുകളില്‍ വെള്ളം കയറിയെന്നും കമ്ബ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവയും ദൈനംദിന ക്ലാസും പ്രവർത്തിക്കുന്നത് ശേഷിക്കുന്ന നാല് റൂമുകളിലെന്നും കത്തില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാർഥികള്‍ക്കുണ്ടാകുന്ന അപകടസാധ്യതകളില്‍ കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. വിഷയം ഗൗരവമായി കണ്ട് അടിയന്തര നടപടികള്‍ സ്വീകരിക്കാൻ ആലപ്പുഴ ജില്ലാ കലക്ടർക്ക് കോടതി നിർദേശം നല്‍കി.
വിദ്യാഭ്യാസ വകുപ്പ്, കൃഷിവകുപ്പ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പാടശേഖര സമിതി ഉള്‍പ്പെടെയുള്ളവരുമായി ജില്ലാ കലക്ടർ യോഗം വിളിച്ചു ചേർക്കണം. വസ്തുതാന്വേഷണം നടത്തി അടിയന്തര നടപടികള്‍ സ്വീകരിക്കാനും ജില്ലാ കലക്ടറോട് കോടതി നിർദേശിച്ചു. വിഷയത്തില്‍ അമികസ് കൂറിയെ നിയോഗിക്കാനും ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ച് തീരുമാനിച്ചു.
ജില്ലാ ലീഗല്‍ സർവീസസ് അതോറിറ്റിയെ കക്ഷിചേർത്ത കോടതി, വസ്തുതാന്വേഷണം നടത്തി വിവരങ്ങള്‍ കൈമാറാനും ആവശ്യമായ തുടർനടപടികള്‍ സ്വീകരിക്കാനും നിർദ്ദേശിച്ചു. മേഖലയിലെ വെള്ളപ്പൊക്ക സാധ്യതയുള്ള മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ജില്ലാകലക്ടർ പരിശോധന നടത്തണം. ഒപ്പം ദീർഘകാലാടിസ്ഥാനത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കാനും കോടതി നിർദേശം നല്‍കി.