
ദുബൈ: കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വിഎസ് അച്യുതാനന്ദന്റെ ഓര്മ്മകളില് പ്രവാസ ലോകവും. വിഎസിന്റെ നിര്യാണത്തില് യുഎഇയിലെ വ്യവസായ-സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടനകളും അനുശോചനം രേഖപ്പെടുത്തി.
‘വിഎസുമായി വളരെ അടുത്ത സ്നേഹബന്ധം’- എംഎ യൂസഫലി
വിഎസിന്റെ നിര്യാണത്തില് പ്രമുഖ വ്യവസായി എംഎ യൂസഫലി അനുശോചിച്ചു. വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ട് ജനങ്ങൾക്കുവേണ്ടി എന്നും നിലകൊണ്ടിരുന്ന ഒരു ജനനേതാവിനെയാണ് നഷ്ടമായതെന്ന് യൂസഫലി പറഞ്ഞു. വിഎസുമായി വളരെ അടുത്ത സ്നേഹബന്ധം താൻ വെച്ചുപുലർത്തിയിരുന്നുവെന്നും 2017-ൽ യുഎഇ സന്ദർശിച്ചപ്പോൾ അബുദാബിയിലെ തന്റെ വസതിയിൽ അദ്ദേഹമെത്തിയത് ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഓർമ്മയാണെന്നും യൂസഫലി പറഞ്ഞു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ചെയർമാനായിരുന്ന വി.എസിനൊപ്പം ഡയറക്ടർ ബോർഡംഗമായി അഞ്ച് വർഷം അടുത്ത് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടും വി.എസുമായി അടുത്ത് ഇടപഴകാൻ ഒട്ടേറെ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടാതെ, കേരളത്തിലെ തന്റെ ആദ്യത്തെ സംരംഭമായ തൃശ്ശൂർ ലുലു കൺവെൻഷൻ സെന്റർ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം ഉദ്ഘാടനം ചെയ്തത് തനിക്ക് ഒരിക്കലും മറക്കാൻ സാധ്യമല്ലെന്നും യൂസഫലി പറഞ്ഞു. കൺവെൻഷൻ സെന്ററിനെപ്പറ്റി ‘ചെളിയിൽ നിന്നും വിരിയിച്ച താമര’ എന്നായിരുന്നു വി.എസ്. അന്ന് വിശേഷിപ്പിച്ചത്. ബോൾഗാട്ടി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായപ്പോൾ “സത്യസന്ധനായ കച്ചവടക്കാരൻ” എന്നാണ് അദ്ദേഹം തന്നെക്കുറിച്ച് പറഞ്ഞതെന്നും യൂസഫലി അനുസ്മരിച്ചു.
ഡോ. ഷംഷീർ വയലിൽ
മുൻമുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിലൂടെ ജനപ്രിയനായ നേതാവിനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് വി.പി.എസ് ഹെൽത്ത് മാനേജിങ് ഡയറക്ടറും ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. സാധാരണ ജനങ്ങളുടെ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച രാഷ്ട്രീയപ്രവർത്തകനായിരുന്നു വി.എസ്. പുതിയ അറിവുകൾ തേടാൻ പ്രായം ഒരു തടസ്സമല്ലെന്ന് പുതുതലമുറയെ അദ്ദേഹം സദാ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു.ജനകീയ വിഷയങ്ങളിൽ പരിഹാരം കാണാൻ ടെക്നോളജിയുടെ സാധ്യതകൾ ഉപയോഗിക്കണമെന്ന വി.എസിന്റെ നിലപാട് വരും തലമുറ നേതാക്കൾക്ക് മാതൃകയാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഡോ. ഷംഷീർ പറഞ്ഞു.
‘ഒരു യുഗാന്ത്യം-’ ഡോ. ആസാദ് മൂപ്പൻ
വി.എസ്. അച്യുതാനന്ദന്റെ വിയോഗം കേരളത്തിന്റെ രാഷ്ട്രീയ, പൊതുരംഗത്തിന്റെ ഒരു യുഗാന്ത്യമാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. വി.എസുമായി പല അവസരങ്ങളിലും കൂടിക്കാഴ്ച നടത്താൻ ഭാഗ്യം ലഭിച്ചിരുന്നു. അദ്ദേഹവുമായുള്ള ഓരോ സംവാദങ്ങളും ദീർഘകാലം മറക്കാതെ മനസ്സിൽ തങ്ങി നിൽക്കുന്നതായിരുന്നു.വി.എസിന്റെ ഓരോ ചിന്തയും സാധാരണ മനുഷ്യരോടുള്ള ആഴത്തിലുള്ള കരുതലായിരുന്നു. രാഷ്ട്രീയനേതാവും മുൻ മുഖ്യമന്ത്രിയുമായ അദ്ദേഹം, എന്നും സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ടവർക്കായി ശബ്ദമുയർത്തിയതിനൊപ്പം, ആധുനിക കേരളത്തെ കെട്ടിപ്പെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയും ചെയ്തു. ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ കുടുംബത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും വി.എസിനെ സ്നേഹിക്കുന്ന ജനലക്ഷങ്ങൾക്കും ഈ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ
സ്വാതന്ത്ര സമര സേനാനിയും അടിച്ചമർത്തപ്പെട്ട ജനതയുടെ പോരാളിയുമായിരുന്നു അന്തരിച്ച കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ അനുശോചന കുറിപ്പിൽ പറഞ്ഞു. കേരളത്തിന്റെ രാഷട്രീയ ഭൂമികയിൽ അദ്ദേഹം അടിത്തട്ടിലെ പ്രവർത്തനത്തിലൂടെ ഉയർന്ന് ഏറ്റവും ഉയർന്ന പദവികളിലെത്തിച്ചേർന്നു. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ തിളക്കമുള്ള അധ്യായമാണ് വി.എസിന്റെ രാഷ്ട്രീയ ജീവിതം. പാർശ്വവത്കരിക്കപ്പെട്ടവരുടെ നാവും അനീതിക്കെതിരായ ശബ്ദവുമായിരുന്നു വി.എസ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കേരളത്തിലെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര അനുശോചന കുറിപ്പിൽ പറഞ്ഞു.
മലയാളം മിഷൻ
മലയാളം മിഷന്റെ സ്ഥാപകനും ആദ്യ ചെയർമാനും ആയിരുന്ന വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ മലയാളം മിഷൻ ദുബൈ അനുശോചിച്ചു.
അബൂദബി കേരള സോഷ്യൽ സെന്റർ
അരികുവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി ജീവിതം സമരായുധമാക്കിയ വി.എസ് അച്യുതാനന്ദൻ സാധാരണക്കാരുടെ പ്രതീക്ഷയും പ്രത്യാശയുമായി തിളങ്ങിനിന്ന വ്യക്തിത്വത്തിനുടമയായിരുന്നുവെന്ന് അബുദാബി കേരള സോഷ്യൽ സെന്ററിന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ഇൻകാസ്
സമരവീര്യവും നിലപാടിലെ ആർജവവും വ്യക്തിജീവിതവും കൊണ്ട് രാഷ്ട്രീയ എതിരാളികൾക്കും വി.എസ് ഒരു പാഠപുസ്തകം ആയിരുന്നുവെന്ന് ഇൻകാസ് അനുശോചന കുറിപ്പിൽ പറഞ്ഞു. ജന്മിത്വത്തിനും ഫ്യൂഡൽ പ്ര ഭുത്വത്തിനുമെതിരെ ആരംഭിച്ച സമരജീവിതത്തിൽ ഒരു ഘട്ടത്തിൽ സ്വന്തം പാർട്ടിയുടെ നേതൃത്വത്തിൽ ഉള്ളവർക്കെതിരെയും പോരാട്ടം നടത്തിയെന്നതാണ് വി.എസിന്റെ സവിശേഷതയെന്നും ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി എസ്.എം. ജാബിർ പ്രസ്താവനയിൽ പറഞ്ഞു.
‘ഓർമ’
അടിസ്ഥാനവർഗത്തിന് കനത്ത നഷ്ടമാണ് വി.എസിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് ‘ഓർമ’ പ്രസ്താവനയിൽ പറഞ്ഞു.