വിഎസിന്റെ മകൾ ആശയ്ക്ക് ഒരു സ്വർണ കൊലുസ് ഇടണമെന്ന് മോഹം: ആഗ്രഹം അറിയിച്ചപ്പോൾ വി എസ് പറഞ്ഞതിങ്ങനെ.

Spread the love

തിരുവനന്തപുരം: വിഎസിന്റെ മരണം മലയാളികള്‍ക്കൊന്നാകെ തീരാനോവാണ്. രാഷ്ട്രീയത്തിലായാലും കുടുംബ ജീവിതത്തിലായാലും ചില കാര്യങ്ങളില്‍ വിഎസ് എന്ന മനുഷ്യൻ വിട്ടുവീഴ്ച ചെയ്തിരുന്നില്ല.
അച്യുതാനന്ദനെന്ന അച്ഛനൊപ്പമുള്ള ചില ഓർമകള്‍ മകള്‍ ഡോ. വി വി ആശ ഒരിക്കല്‍ പറയുകയുണ്ടായി.

ആശയുടെ വാക്കുകള്‍
1991ല്‍ തന്റെ ഗവേഷണകാലത്ത് ആറുമാസത്തെ സ്റ്റൈപ്പന്റ് തുക ഒരുമിച്ച്‌ കിട്ടി. ആ പണം കൊടുത്ത് സ്വർണ്ണക്കൊലുസ് വാങ്ങി അണിയണമെന്ന് വല്ലാത്ത മോഹം. ആഗ്രഹം പറഞ്ഞപ്പോള്‍ കിട്ടിയ മറുപടിയായിരുന്നു, ”നീ ഒരു തൊഴിലാളി നേതാവിന്റെ മകളാണ്. അത് ഓർത്തുകൊണ്ട് കൊലുസ് വാങ്ങിക്കുകയോ ഇടുകയോ ചെയ്യാം.’

എന്നായിരുന്നു ആ അച്ഛൻ മകള്‍ക്ക് നല്‍കിയ മറുപടി. അതോടെ ആ ആഗ്രഹം മാറ്റിവച്ചു. പിന്നീട് കല്യാണത്തിനാണ് കൊലുസ് വാങ്ങിയത്.
അടിയന്തരാവസ്ഥക്കാലത്തെ ഒരു രാത്രി. വീടും പരിസരവും വളഞ്ഞ് പൊലീസ്.
”ഏഴുവയസുകാരിയായ ഞാൻ വല്ലാതെ ഭയന്നു. അച്ഛനെ അറസ്റ്റ് ചെയ്യാൻ വന്നതാണ്. അമ്മയ്ക്കും എനിക്കും അനിയനും (അരുണ്‍കുമാർ) കവിളില്‍ ഉമ്മ തന്ന് ആശ്വസിപ്പിച്ചശേഷമാണ് അന്ന് പൊലീസിനൊപ്പം പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസങ്ങള്‍ക്കുശേഷം പൂജപ്പുര സെൻട്രല്‍ ജയിലില്‍ അച്ഛനെ കാണാനെത്തിയപ്പോള്‍ കൈയില്‍ കരുതിയ ഓറഞ്ച് നല്‍കി. സ്‌നേഹത്തോടെ അതു വാങ്ങിയതും തിരികെ തന്നതും ഇപ്പോഴും കണ്‍മുന്നിലുണ്ട്.”

തിരുവനന്തപുരത്ത് എംഎസ്സിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ പൊന്മുടി കാണാൻ പോയ രസകരമായ അനുഭവവും ആശ ഓർക്കുന്നു. ”പൊന്മുടി കാണണമെന്ന മോഹം അറിയിച്ചപ്പോള്‍ ഒരു അംബാസഡർ കാറില്‍ അച്ഛൻ ഞങ്ങളെയും കൂട്ടി പൊന്മുടിയുടെ താഴ്‌‌വാരത്തെത്തി. ഇതാണ് പൊന്മുടി, 10 മിനിട്ടിനുള്ളില്‍ കണ്ടുവരണം. ഇത്രയും പറഞ്ഞ് പാർട്ടി പ്രവർത്തകർക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കാൻപോയി.”

കമലഹാസൻ നായകനായ സാഗരസംഗമം സിനിമ തിയേറ്റർ നിറഞ്ഞോടുന്ന കാലം. നാടകം മാത്രം ഇഷ്ടപ്പെട്ടിരുന്ന അച്ഛന് സിനിമയില്‍ വലിയ താത്പര്യമില്ല. എങ്കിലും നിർബന്ധത്തിനു വഴങ്ങി വന്നു. ഞാനും അമ്മയും ആസ്വദിച്ച്‌ സിനിമ കാണുന്നതിനിടയില്‍ അച്ഛനെ നോക്കുമ്പോള്‍ നല്ല ഉറക്കത്തില്‍. പാർട്ടി യോഗങ്ങളില്‍ പങ്കെടുത്തുവന്ന ക്ഷീണത്തിലായിരുന്നു അച്ഛൻ. ഏറെ കരുതലോടെയാണ് അന്നും ഇന്നും അച്ഛനെ ഞങ്ങള്‍ പരിപാലിച്ചത്. പരമാവധി സ്‌നേഹത്തോടെ.” ആശ പറഞ്ഞു.