
ദില്ലി: പാൻ കാർഡിന്‍റെ പേരിൽ നടക്കുന്ന പുതിയ ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആദായനികുതി വകുപ്പ്. നവീകരിച്ച “പാൻ 2.0” കാർഡുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഫിഷിംഗ് ഇമെയിലുകളെക്കുറിച്ചാണ് കേന്ദ്ര സർക്കാർ നികുതിദായകർക്ക് മുന്നറിയിപ്പ് നൽകിയത്. പുതിയ പാൻ കാർഡ് പുറത്തിറക്കിയിട്ടില്ലെന്നും അത്തരം ഇമെയിലുകൾ പൂർണ്ണമായും വ്യാജമാണെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങൾ വഞ്ചനാപരമാണെന്നും സംശയാസ്‌പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ആദായനികുതി വകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഈ ഇമെയിലുകൾ വ്യാജം ആണെന്ന് പിഐബി ഫാക്‌ട് ചെക്ക് യൂണിറ്റ് വ്യക്തമാക്കി. അത്തരം മെയിലുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, ഏതെങ്കിലും ലിങ്ക് അല്ലെങ്കിൽ അറ്റാച്ച്മെന്‍റ് തുറക്കരുതെന്നും, അല്ലെങ്കിൽ അത്തരം മെയിലുകൾക്ക് മറുപടി നൽകരുതെന്നും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
പാസ്‌വേഡ്, ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ് തുടങ്ങിയ സെൻസിറ്റീവ് വിവരങ്ങൾ ഇമെയിൽ വഴി ഒരിക്കലും ഉപയോക്താക്കളോട് ആവശ്യപ്പെടില്ലെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. കൂടാതെ, ഒരു തരത്തിലുള്ള ഡൗൺലോഡ് ലിങ്കും അയയ്ക്കുന്നില്ലെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. അത്തരം ഇമെയിലുകൾ ലഭിക്കുന്ന ഉപയോക്താക്കൾ ഉടൻ തന്നെ [email protected] അല്ലെങ്കിൽ [email protected] എന്ന വിലാസത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.
എന്താണ് ഫിഷിംഗ്?
ഫിഷിംഗ് എന്നത് ഒരു സൈബർ കുറ്റകൃത്യ തന്ത്രമാണ്. ഇതിൽ വഞ്ചനാപരമായ ഇമെയിലുകളോ ഔദ്യോഗിക സ്ഥാപനങ്ങളെ അനുകരിക്കുന്ന വെബ്‌സൈറ്റുകളോ ഉൾപ്പെടുന്നു. ഇമെയിലുകളിലോ സന്ദേശങ്ങളിലോ വ്യാജ ലിങ്കുകൾ അയച്ചുകൊണ്ട് ഉപയോക്താക്കളെ കബളിപ്പിക്കുകയാണ് ഫിഷിംഗ് തട്ടിപ്പ് സംഘങ്ങളുടെ പതിവ്. ഇതിൽ നിന്നും രക്ഷപ്പെടാൻ ഏതെങ്കിലും അജ്ഞാത ഇമെയിലിലോ സന്ദേശത്തിലോ നൽകിയിരിക്കുന്ന ഏതെങ്കിലും ലിങ്ക് തുറക്കുന്നത് ഒഴിവാക്കുക. കൂടാതെ നിങ്ങളുടെ ഫോണിന്‍റെയോ കമ്പ്യൂട്ടറിന്‍റെയോ ആന്‍റിവൈറസും ഫയർവാളുകളും അപ്‌ഡേറ്റ് ചെയ്‌ത് സൂക്ഷിക്കുക. ഫിഷിംഗ് തട്ടിപ്പുകൾ തിരിച്ചറിയുന്നതിനെക്കുറിച്ചും സൈബർ സുരക്ഷാ നടപടികളെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങൾ ആദായനികുതി വകുപ്പ് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റായ incometaxindia.gov-ൽ പങ്കുവെച്ചിട്ടുണ്ട്.