അടിപിടിക്കിടെ പിടിച്ചു മാറ്റിയതിന് പ്രതികാരം ; തൃശ്ശൂരിൽ യുവാവിനെ കഴുത്തിൽ തോർത്തുമുണ്ട് മുറുക്കി കൊല്ലാൻ ശ്രമം ; എട്ടുപേർ പിടിയിൽ

Spread the love

തൃശൂര്‍: യുവാവിനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഉള്‍പ്പെടെ എട്ടു പേരെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 18ന് രാത്രിയില്‍ വാടാനപ്പള്ളി നടുവില്‍ക്കര സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് അറസ്റ്റിലായത്. വാടാനപ്പള്ളി ഫസല്‍ നഗര്‍ സ്വദേശി ബിന്‍ഷാദ് (36), ഇടശേരി സ്വദേശി മുഹമ്മദ് അഷ്ഫാക്ക് (23), വാടാനപ്പള്ളി കുട്ടമുഖം സ്വദേശി മുഹമ്മദ് അസ്‌ലം (28), വാടാനപ്പള്ളി ഗണേശമംഗലം എം.എല്‍.എ വളവ് സ്വദേശി ഷിഫാസ് (30), വാടാനപ്പള്ളി റഹ്മത്ത് നഗര്‍ സ്വദേശി ഫാസില്‍ (24), വാടാനപ്പള്ളി ഗണേശമംഗലം സ്വദേശി ഷാഫി മുഹമ്മദ് (36), വാടാനപ്പള്ളി ബീച്ച് സ്വദേശി ആഷിഖ് (27), വാടാനപ്പള്ളി ഗണേശമംഗലം എം.എല്‍.എ. വളവ് വീട്ടില്‍ മുഹമ്മദ് റയീസ് (22) എന്നിവരാണ് അറസ്റ്റിലായത്.

പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും നടുവില്‍ക്കരയിലെ ദേശീയപാത നിര്‍മാണ സ്ഥലത്തേക്ക് നടുവില്‍ക്കര സ്വദേശിയായ യുവാവിനെ വിളിച്ചു വരുത്തി അവിടെനിന്നും അഷ്ഫാക്കും മറ്റൊരു പ്രതിയും ചേര്‍ന്ന് സ്‌കൂട്ടറില്‍ കയറ്റി തട്ടികൊണ്ടുപോവുകയായിരുന്നു. വാടാനപ്പള്ളി ബീച്ച് ശാന്തി റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ എത്തിച്ച് ക്രൂരമായി ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും കഴുത്തില്‍ തോര്‍ത്തുമുണ്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു. ഈ കേസിലെ പരാതിക്കാരന്റെ സുഹൃത്തിന്റെ സഹോദരന്‍ ഷാഫിക്ക് 26000 രൂപ കൊടുക്കാനുള്ളതിനെ സംബന്ധിച്ച് ജൂണ്‍ 29ന് തൃത്തല്ലൂര്‍ വച്ച് നടന്ന അടിപിടിയില്‍ യുവാവ് ഇടപെട്ട് പ്രതികളെ പിടിച്ച് മാറ്റിയതിലുള്ള വൈരാഗ്യത്താലാണ് പ്രതികള്‍ യുവാവിനെ ആക്രമിച്ചത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന 1000 രൂപയും മൊബൈല്‍ ഫോണും ഇവര്‍ കവർന്നു.

ജൂലൈ 18ന് രാത്രിയില്‍ ഒരു യുവാവിനെ നടുവില്‍ക്കരയില്‍ നിന്നും കൊണ്ടുപോയതായി ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സമയോചിതമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വാടാനപ്പള്ളി ഇന്‍സ്‌പെക്ടര്‍ എന്‍ ബി ഷൈജുവും എസ്.ഐമാരായ സനദ് എന്‍ പ്രദീപും പോലീസ് സംഘവും പരാതിക്കാരനെ തടഞ്ഞ് വച്ച് ആക്രമിച്ച ശാന്തി റോഡിലെ തെങ്ങിന്‍ പറമ്പിലെ ഒളിസങ്കേതം കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ഈ സ്ഥലത്തിന്റെ ഉടമയും പ്രതിയുമായ ഷിഫാസ്, അഷ്ഫാക്ക്, ആഷിഖ്, ഷാഫി എന്നീ നാല് പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥലത്തുനിന്ന് പിടികൂടി. പൊലീസ് വരുന്നത് കണ്ട് മറ്റു പ്രതികള്‍ ഇരുട്ടിന്റെ മറവില്‍ പരാതിക്കാരനെ ബലമായി പിടിച്ചുവലിച്ച് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി കേസിലെ പ്രധാന പ്രതിയായ ബിന്‍ഷാദ്, അസ്‌ലം, ഫാസില്‍, റയീസ് എന്നിവരെ വടക്കേക്കാട് മല്ലാട് ഒളിസങ്കേതത്തില്‍ നിന്നാണ് പിടികൂടിയത്.

ബിന്‍ഷാദ് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പേരുള്ളയാളാണ്. വാടാനപ്പള്ളി, വടക്കേക്കാട്, ചേര്‍പ്പ്, കാട്ടൂര്‍, ചാവക്കാട്, കുറ്റിപ്പുറം പൊലീസ് സ്റ്റേഷനുകളിലായി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കൽ, കവര്‍ച്ച, വധശ്രമം, അടിപിടി, മയക്കുമരുന്ന് കച്ചവടം എന്നിങ്ങനെയുള്ള 25 ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണെന്ന് പൊലീസ് പറഞ്ഞു. കാപ്പ നിയമ പ്രകാരം നാടുകടത്തലിന് വിധേയനാക്കിയ പ്രതിയുമാണ് ബിന്‍ഷാദ്. വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ 2020 ലെ ഒരു വധശ്രമക്കേസില്‍ ഏഴര വര്‍ഷം ശിക്ഷ ലഭിച്ചിരുന്നു. ജയിലില്‍ കഴിഞ്ഞു വരവെ കോടതിയില്‍നിന്ന് അപ്പീല്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് വീണ്ടും കുറ്റകൃത്യം നടത്തിയത്.

മുഹമ്മദ് അഷ്ഫാക്ക് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഒരു അടിപിടിക്കേസിലെ പ്രതിയാണ്. ഷിഫാസ് പാലക്കാട് വാളയാര്‍ എക്‌സൈസ് ഓഫീസില്‍ മയക്ക് മരുന്ന് വില്‍പനക്കായി കടത്തിയ കേസിലെയും ആലപ്പുഴ അരൂര്‍ പോലീസ് സ്റ്റേഷനില്‍ മയക്കു മരുന്ന് ഉപയോഗിച്ചതിനുള്ള കേസിലെയും പ്രതിയാണ്. ഫാസില്‍ എളമക്കര പോലീസ് സ്റ്റേഷനില്‍ ഒരു തട്ടിപ്പ് കേസില്‍ പ്രതിയാണ്. മുഹമ്മദ് റയീസ് വില്‍പനക്കായി സൂക്ഷിച്ച മയക്കുമരുന്നുമായി പിടിയിലായ കേസിലെ പ്രതിയാണ്.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. രാജു വി.കെ, വാടാനപ്പള്ളി ഇന്‍സ്‌പെക്ടര്‍ ഷൈജു എന്‍.ബി, പ്രോബേഷന്‍ എസ്.ഐ. സനദ് എന്‍. പ്രദീപ്, എസ്.ഐ.മാരായ ഷാഫി യുസഫ്, പ്രദീപ് സി.ആര്‍., എ.എസ്.ഐ. ലിജു ഇല്യാനി, എസ്.സി.പി.ഒ. ജിനേഷ്, രാജ് കുമാര്‍, സി.പി.ഒ. മാരായ നിഷാന്ത്, ബിജു, സുര്‍ജിത്ത്, അഖില്‍, അമല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി