
തിരുവനന്തപുരം: ദിനംപ്രതി വർദ്ധിച്ചുവരുന്ന വൈദ്യുതച്ചെലവില്‍ നിന്ന് രക്ഷനേടാൻ പല ആളുകളും തങ്ങളുടെ വീടിൻറെ മുകളിൽ സോളാർ സ്ഥാപിക്കുന്നു.
സംസ്ഥാനം പുറത്ത് നിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യം നേരിടുന്നതിനാൽ, ഇതിനൊരു ദീർഘകാല പരിഹാരമായാണ് സർക്കാർ സോളാര്‍ പാനലുകൾ സ്ഥാപിക്കാൻ പ്രോത്സാഹിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സബ്സിഡികളും പിന്തുണയും നൽകുന്നുണ്ട്. എന്നാല്‍ ഈ സംരംഭങ്ങള്‍ക്ക് കെഎസ്‌ഇബി പിന്തുണക്കില്ലെന്ന ആരോപണമാണ് ഇപ്പോൾ ശക്തമായി ഉയരുന്നത്.
സോളാർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്ന സാഹചര്യം ഉണ്ടായാൽ സാമ്പത്തിക ഭാരം വർദ്ധിക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. നിലവിൽ നെറ്റ് മീറ്ററിംഗിന് അനുവദിച്ചിരിക്കുന്ന പരമാവധി ശേഷി 1000 കിലോവാട്ട് ആണെങ്കിലും, പുതിയ ചട്ടം നടപ്പായാൽ ഇത് മൂന്ന് കിലോവാട്ടായി കുറയും. ഇതിന്റെ ഫലമായി, പകൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് തുല്യ അളവിൽ രാത്രി തിരികെ എടുക്കാമെന്നുള്ളത് പരിമിതപ്പെടും. പുതിയ വ്യവസ്ഥകൾ പ്രകാരം, മൂന്ന് കിലോവാട്ടിന് താഴെയുള്ള ഉപഭോക്താക്കൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ നിർദ്ദേശം നടപ്പിലാക്കുകയാണെങ്കില്‍ സംസ്ഥാനത്തെ സോളാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനക്ഷമതയ്ക്ക് തടസ്സം നേരിടേണ്ടി വരുമെന്നുള്ള ആശങ്കയും നിലവിലുണ്ട്. സോളാർ പ്ലാന്റിൽ നിന്ന് കെഎസ്‌ഇബിയിലേക്ക് കൈമാറുന്ന മുഴുവൻ വൈദ്യുതിയും അതേ അളവിൽ അധിക തുക കൊടുക്കാതെ തന്നെ തിരികെ ലഭിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതിന് സഹായകമാകുന്നത് നെറ്റ് മീറ്റർ സംവിധാനം തന്നെയാണ്. അതേസമയം പുതിയ നയം വരുന്നതോടെ സൗരോർജ പ്ലാന്റിന്റെ മുപ്പത് ശതമാനം ശേഷിയുള്ള ബാറ്ററികള്‍ സ്ഥാപിക്കണം. ഇതിനായി നിർമ്മാണ ചെലവ് രണ്ട് ലക്ഷത്തോളം കൂടും. സംസ്ഥാനത്ത് 95 ശതമാനത്തോളം ഗാർഹിക സൗരോർജ പദ്ധതികളും മൂന്ന് കിലോവാട്ടിന് താഴെയുള്ളതിനാല്‍ പുതിയ നിർദ്ദേശം ബാധിക്കുന്നത് കുറച്ചു പേരെ മാത്രമായിരിക്കും.
അതേസമയം, കേന്ദ്ര,സംസ്ഥാന സർക്കാരുകള്‍ പുരപ്പുറ സോളാറിനെ സബ്സിഡികൊടുത്ത് പ്രോത്സാഹിപ്പിക്കുമ്പോൾ അതിന്റെ പേരില്‍ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ കെ.എസ്.ഇ.ബി നീക്കവും നടക്കുന്നുണ്ട്. സോളാർ ഇടപാട് തങ്ങള്‍ക്ക് നഷ്ടമാണെന്നും ഇതു നികത്താൻ യൂണിറ്റിന് 19 പൈസ കൂട്ടണമെന്നുമാണ് പ്രധാന ആവശ്യം. നിലവിൽ ഉയർന്ന നിരക്ക് ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
സോളാർ വൈദ്യുതി സംബന്ധിച്ച ചട്ടങ്ങളില്‍ മാറ്റം വരുത്താൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ മുന്നോട്ടുവച്ച കരട് നിർദ്ദേശത്തിൻമേലുള്ള തെളിവെടുപ്പിലാണ് കെ.എസ്.ഇ.ബി നിരക്ക് വർദ്ധന ആവശ്യപ്പെട്ടത്. കമ്മിഷൻ അനുവദിച്ചാല്‍ വിശദമായ കണക്കുകള്‍ സഹിതം അപേക്ഷിക്കും. പിന്നാലെ നിരക്ക് വർദ്ധന നടപ്പാക്കും. പകല്‍ സ്വീകരിക്കുന്ന സോളാർ വൈദ്യുതിക്ക് പകരം രാത്രികാലങ്ങളില്‍ കൂടിയ വിലയ്ക്ക് പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതി സോളാർ ഉല്പാദകർക്ക് നല്‍കേണ്ടിവരുന്നെന്ന വാദമാണ് കെഎസ്‌ഇബി ആവർത്തിക്കുന്നത്. ചുരുങ്ങിയത് 500 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ട്. ഇത് നികത്താതെ മുന്നോട്ടു പോകാനാകില്ലെന്നും ബോർഡ് കമ്മിഷനെ അറിയിച്ചു.
സോളാറിന്റെ പേരിലുള്ള നഷ്ടം സോളാറില്ലാത്ത മറ്റ് ഉപഭോക്താക്കളുടെ ചുമലില്‍ കെട്ടിവച്ച് നിരക്ക് കൂട്ടാനുള്ള നീക്കത്തില്‍ വലിയ രീതിയിലുള്ള എതിർപ്പാണ് നേരിടുന്നത്. നിലവിൽ സംസ്ഥാനത്ത് ഏകദേശം 98 ലക്ഷം ഗാർഹിക ഉപഭോക്താക്കളുണ്ടെങ്കിലും, ഇവരിൽ ഏകദേശം രണ്ട് ലക്ഷം വീടുകളിലാണ് സോളാർ സ്ഥാപിച്ചിരിക്കുന്നത്. നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുമ്പോൾ നിയമപരമായ ആശയക്കുഴപ്പങ്ങൾക്കും സാധ്യതയുണ്ട്.