
അതിരമ്പുഴ: വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനമാരംഭിച്ച് അതിരമ്പുഴയുടെ ജനകീയ മുഖമായി മാറിയ ജെ. ജോസഫിന് ഇന്നും നാളെയുമായി നാട് അന്ത്യാഞ്ജലി അർപ്പിക്കും.
കേരള വിദ്യാർഥി കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ജെ. ജോസഫ് പിന്നീട് കേരള യൂത്ത്ഫ്രണ്ടിന്റെ ഓഫീസ് ചാർജുള്ള ജില്ലാ ജനറല്‍ സെക്രട്ടറിയായി. കേരള കോണ്‍ഗ്രസ് എമ്മിന്റെ മണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. പതിറ്റാണ്ടുകള്‍ അതിരമ്പുഴയുടെ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമായിരുന്നു ജെ. ജോസഫ്.
അതിരമ്പുഴ പഞ്ചായത്ത് മെംബർ, വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, അതിരമ്പുഴ റീജണല്‍ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.എം. മാണിയുമായി അദ്ദേഹത്തിന്റെ മരണം വരെ അടുത്തബന്ധം കാത്തുസൂക്ഷിച്ചു. കേരള കോണ്‍ഗ്രസ് -എം എല്‍ഡിഎഫിലേക്ക് മാറിയപ്പോള്‍ കേരളാ കോണ്‍ഗ്രസിലൂടെ യുഡിഎഫില്‍ത്തന്നെ ഉറച്ചുനിന്നു. നിലവില്‍ കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി അംഗമായിരുന്നു.
ജോർജ് ജോസഫ് പൊടിപാറയുടെ തണലില്‍ കെഎസ്യുവിന്റെ ഉറച്ച കോട്ടയായിരുന്ന മാന്നാനം കെഇ കോളജില്‍ പൊടിപാറയുടെ ശൈലിയില്‍ത്തന്നെ കെഎസ്സി പ്രവർത്തകരെ അണിനിരത്തി കോളജ് യൂണിയൻ പിടിച്ചെടുത്തത് ജെ. ജോസഫിന്റെ രാഷ്ട്രീയ ജീവിതത്തിലെ തിളങ്ങുന്ന അധ്യായമായിരുന്നു. പിന്നെ വർഷങ്ങളോളം അവിടെ കെഎസ്സി അജയ്യശക്തിയായി നിലകൊണ്ടു.
ഇന്ന് വൈകുന്നേരം 4.30ന് അതിരമ്പുഴ പഞ്ചായത്ത് ഓഫീസിലെയും അഞ്ചിന് അതിരമ്പുഴ റീജണല്‍ സർവീസ് സഹകരണ ബാങ്കിലെയും പൊതുദർശനത്തിനുശേഷം മൃതദേഹം 5.30ന് വീട്ടില്‍ കൊണ്ടുവരും. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നടത്തും