നിമിഷ പ്രിയയുടെ മോചനം: കാന്തപുരത്തെ സന്ദർശിച്ച് ചാണ്ടി ഉമ്മൻ ; വധശിക്ഷ മാറ്റിവെച്ചെങ്കിലും മാപ്പു നല്‍കുന്നതിന് തലാലിന്‍റെ കുടുംബം തയ്യാറായിട്ടില്ല

Spread the love

കോഴിക്കോട്: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ ചാണ്ടി ഉമ്മൻ എംഎൽഎ കാന്തപുരം എ പി അബൂബക്കർ മുസലിയാരെ സന്ദർശിക്കുന്നു. മര്‍കസില്‍ എത്തി കൂടിക്കാഴ്ച നടത്തുകയാണ്. യെമനിലെ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചെങ്കിലും മാപ്പു നല്‍കുന്നതിന് തലാലിന്‍റെ കുടുംബം തയ്യാറായിട്ടില്ല. അനിശ്ചിതത്വത്തിനിടെയാണ് കൂടിക്കാഴ്ച.

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ യമനിലെ ഒരു മത പുരോഹിതനുമായി ബന്ധപ്പെട്ടിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായും കാന്തപുരം സംസാരിച്ചിരുന്നു. സെയ്ദ് ഉമർ ഹഫീസ് എന്ന യമൻ സുന്നി പണ്ഡിതൻ മുഖേനെയാണ് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായി സംസാരിക്കാൻ നിമിഷപ്രിയ മോചന സഹായ സമിതിക്ക് അവസരം ഒരുക്കിയത്. അതേസമയം നിമിഷ പ്രിയയുടെ മോചനത്തിന് ഇറാൻ അടക്കമുള്ള രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുന്നുമുണ്ട്.

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതിന് പിന്നാലെയാണ് മോചനവുമായി ബന്ധപ്പെട്ട നയതന്ത്ര ഇടപെടലുകള്‍ക്കായി മറ്റു രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നത്. യെമനുമായി അടുത്തബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളുമായി നയതന്ത്ര തലത്തിൽ ചര്‍ച്ച നടത്തി നിമിഷ പ്രിയയുടെ മോചനത്തിൽ അനുകൂലമായ തീരുമാനത്തിന് ശ്രമിക്കുകയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധ്യസ്ഥ സംഘം ഇനി യെമനിലേക്ക് പോകുന്നത് സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. എല്ലാ വശങ്ങളും ഇക്കാര്യത്തിൽ വിലയിരുത്തും. കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബം ആരെയും കാണാൻ തൽക്കാലം തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ മധ്യസ്ഥ സംഘത്തെ യെമനിലേക്ക് അയക്കുന്നത് വെല്ലുവിളിയായിരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. യാത്രാനുമതിക്കായി നാല് പേർ അടങ്ങുന്ന പ്രതിനിധി സംഘത്തിന്‍റെ ലിസ്റ്റ് ആക്ഷൻ കൗണ്‍സിൽ കേന്ദ്രസർക്കാരിന് സമർപ്പിക്കാനിരിക്കെയാണ് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.