
കോട്ടയം: തകര്‍ന്നു തരിപ്പണമായൊരു റോഡ്, ഈ റോഡിലെ കുഴിയില്‍ വീണു ഗൃഹനാഥനു പരുക്ക്, ടെന്‍ഡര്‍ വിളിച്ചിട്ടും ആരും എടുക്കാത്തതാണു റോഡിന്റെ തകര്‍ച്ചയ്‌ക്കു കാരണമെന്ന് അധികൃതര്‍.
എന്തു ചെയ്യുമെന്നറിയാതെ നാട്ടുകാരും. താഴത്തങ്ങാടി- വെസ്‌റ്റ് ക്ലബ് റോഡാണ് അപകടക്കെണിയായി മാറിയത്. യാത്രക്കാരെ കാത്തിരിക്കുന്നത് വലിയ കുഴികൾ. നഗരസഭാ 48-ാം വാര്‍ഡില്‍പ്പെട്ട റോഡാണിത്. കുഴി നിറഞ്ഞ റോഡില്‍ വീണു കഴിഞ്ഞ ദിവസം ഗൃഹനാഥനു പരുക്കേറ്റിരുന്നു.
പള്ളിക്കോണം, താഴത്തങ്ങാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡിനെ ആശ്രയിക്കുന്ന നിരവധി കുടുംബങ്ങള്‍ ഇതോടെ പ്രതിസന്ധിയിലായി. സ്‌കൂള്‍ ബസ് ഇതുവഴി ഓട്ടം നിര്‍ത്തിയതിനാല്‍ രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളിലെത്തിക്കുന്നതു സ്വകാര്യവാഹനങ്ങളിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തകര്‍ന്നുകിടക്കുന്ന റോഡില്‍ വീണു കഴിഞ്ഞ ദിവസം ഗൃഹനാഥനു പരുക്കേറ്റിരുന്നു. റോഡിലൂടെ കാല്‍നട പോലും അസാധ്യമായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കാത്തതില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ കുഴികളിലുടനീളം വാഴ നടുകയും ചെയ്‌തിരുന്നു. റോഡിന്റെ 120 മീറ്റര്‍ ദൂരമാണു പാടേ തകര്‍ന്നു കുണ്ടും കുഴിയുമായിരിക്കുന്നത്.
അതിനപ്പുറം നല്ല റോഡുണ്ട്. ഈ ഭാഗത്തുള്ള നാല്‍പതോളം കുടുംബങ്ങളാണ് ഇതു മൂലം ദുരിതത്തിലായത്. പാറപ്പാടം ദേവീക്ഷേത്രം, അറുപുഴ മുഹിയുദ്ദീന്‍ മസ്‌ജിദ്, മാര്‍ ബസേലിയോസ് പള്ളി, മദ്രസ തുടങ്ങിയിടങ്ങളിലേക്കുള്ള നൂറുകണക്കിനാളുകള്‍ ഉപയോഗിക്കുന്ന വഴിയാണിത്.
അതേസമയം റോഡ് നിര്‍മാണത്തിനു ടെന്‍ഡര്‍ വിളിച്ചിട്ടും ആരും എത്തിയില്ലെന്നു കൗണ്‍സിലര്‍ പറയുന്നു.തുക പുതുക്കിയതിനാല്‍ വീണ്ടും ടെന്‍ഡര്‍ വിളിക്കണം. കരാര്‍ എടുത്താല്‍ മഴ മാറിനില്‍ക്കുന്നതോടെ റോഡുപണി ചെയ്യാനാവും. ആലുമ്മൂട് പോസ്‌റ്റ് ഓഫിസ് മുതല്‍ വെസ്‌റ്റ് ക്ലബ് വരെ 200 മീറ്റര്‍ റോഡ് മണ്ണിട്ടുയര്‍ത്തി ടാര്‍ചെയ്യാനാണ് എസ്‌റ്റിമേറ്റ് എടുത്തിട്ടുള്ളത്.
പരമാവധി 60 മീറ്റര്‍ ദൂരത്തിലാണു റോഡ് തകര്‍ന്നത്. പഴയ പ്രവൃത്തിയുടെ 10 ലക്ഷം രൂപ കുടിശിക നല്‍കാനുണ്ട്. ഈ വര്‍ഷം തനതു ഫണ്ടില്‍ 5.5 ലക്ഷം രൂപയും വെള്ളപ്പൊക്ക ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപയും റോഡിന് അനുവദിച്ചിട്ടുണ്ട്. പണമില്ലാത്തതല്ല, കരാര്‍ എടുക്കാനാളില്ലാത്തതാണു പ്രശ്‌നമെന്നു കൗണ്‍സിലര്‍ പറയുന്നു.