
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് രോഗി മരിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പാർട്ടിക്കോ സംഘടനയ്ക്കോ ചേർന്ന പ്രവർത്തനമല്ല ഇതെന്നും മന്ത്രി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
വിതുര താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് തടഞ്ഞതിനെത്തുടർന്ന് രോഗി മരിച്ച ദാരുണ സംഭവം അങ്ങേയറ്റം അപലപനീയമാണ്. ഒരു ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഇത്തരമൊരു തടസ്സമുണ്ടാകുന്നത് ഒട്ടും അംഗീകരിക്കാനാവാത്ത കാര്യമാണ്. ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പാർട്ടിക്കോ സംഘടനയ്ക്കോ ചേർന്ന പ്രവർത്തനമല്ല ഇത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം പ്രവണതകൾ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കപ്പെടരുത്.
സംഭവത്തിൽ വിതുര താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. രോഗിയെ ആംബുലൻസിൽ കയറ്റാതെ തടസ്സം സൃഷ്ടിക്കുകയും അസഭ്യം പറയുകയും ആംബുലൻസ് തടയുകയും ചെയ്തുവെന്നാണ് ആരോഗ്യ പ്രവർത്തകരുടെ പരാതി. ഇൻഷുറൻസും ഫിറ്റ്നസുമുള്ള ആംബുലൻസായിരുന്നിട്ടും, ഇതൊന്നുമില്ലെന്ന തെറ്റായ ആരോപണം ഉന്നയിച്ചാണ് വാഹനം തടഞ്ഞത്. ഈ വാഹനത്തിന്റെ ഇൻഷുറൻസ് സംബന്ധിച്ച രേഖകൾ ബഹു. ആരോഗ്യ മന്ത്രി ഇതിനോടകം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബിനുവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.- മന്ത്രി വി ശിവൻകുട്ടി