മന്ത്രി പദമൊഴിഞ്ഞിട്ടും ഗസ്റ്റ് ഹൗസില്‍ അനധികൃത താമസം; എം.എം മണിയുടെ പേഴ്‌സണല്‍ സ്റ്റാഫുകളില്‍ നിന്ന് വാടക തിരിച്ചുപിടിക്കും; 3.96 ലക്ഷം രൂപ പിഴ

Spread the love

ഇടുക്കി: കെഎസ്‌ഇബിയുടെ മൂന്നാര്‍ ചിത്തിരപുരത്തെ ഗസ്റ്റ് ഹൗസില്‍ അനധികൃതമായി താമസിച്ച മുന്‍ വൈദ്യുത മന്ത്രി എം.എം മണിയുടെ സ്റ്റാഫുകളില്‍ നിന്നും വാടക തിരിച്ചുപിടിക്കാന്‍ കെഎസ്‌ഇബി വിജിലന്‍സ് ഉത്തരവ്.

കെഎസ്‌ഇബിയുടെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ അനധികൃതമായി എട്ട് വർഷത്തോളം ഇവർ താമസിച്ചുവെന്നാണ് കണ്ടെത്തിയത്. എംഎം മണി മന്ത്രിയായിരുന്ന കാലത്ത് 1237 ദിവസവും നിലവിലെ എംഎല്‍എ കാലഘട്ടത്തില്‍ കഴിഞ്ഞ സെപ്തംബര്‍ വരെ 1198 ദിവസവുമാണ് ഗണ്‍മാന്‍മാരും ഡ്രൈവറും വാടക നല്‍കാതെ താമസിച്ചതെന്നാണ് വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.

ഇവരില്‍ നിന്നും വാടക ഈടാക്കാനാണ് നിർദേശം. ഇതിന് 3.96 ലക്ഷം രൂപയാണ് പിഴയിട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്‌ഇബി ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ ഏതൊക്കെ സ്റ്റാഫ് അംഗങ്ങളാണെന്നോ ഇവരുടെ പേരുവിവരങ്ങളോ വ്യക്തമാക്കിയിട്ടില്ല.

2016 നവംബര്‍ മുതല്‍ 2017 ഡിസംബര്‍ വരെയുള്ള കാലത്ത് എം.എം. മണിയുടെ സ്റ്റാഫിന് ഇവിടെ താമസിക്കാന്‍ അനുവാദമുണ്ടായിരുന്നു. എന്നാല്‍ ഇതിനുശേഷം 2024 സെപ്റ്റംബര്‍ വരെ ഇവര്‍ ഇവിടെ തുടരുകയായിരുന്നു. മിനിസ്റ്റീരിയല്‍ സ്റ്റാഫിന് ദിവസം 30 രൂപയും ഡ്രൈവര്‍ക്ക് 18 രൂപയുമാണ് വാടക നിശ്ചയിച്ചിരുന്നത്.

എന്നാല്‍ വാടക നല്‍കാതെ ഇവര്‍ താമസിക്കുകയായിരുന്നു. അതേസമയം മന്ത്രിയായിരുന്ന കാലത്തെ 37,110 രൂപ ഒഴിവാക്കുകയും എംഎല്‍എയായിരുന്ന കാലത്തെ വാടകയില്‍ ദിവസം 300 രൂപയെന്നത് 80 രൂപയാക്കി ഇളവ് നല്‍കി 95,840 രൂപ അടക്കാനാണ് ഉത്തരവ്.